ഛത്തീസ്ഗഢിൽ പ്രാർത്ഥന കൂട്ടായ്മയ്ക്കു നേരെ ആക്രമണം: ഗര്‍ഭിണി ഉള്‍പ്പെടെ നിരവധി ക്രൈസ്തവര്‍ക്ക് പരിക്ക്

 
Chatisgarh

സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ പ്രാദേശിക ഗ്രാമത്തിൽ നടന്ന ക്രൈസ്തവ പ്രാർത്ഥന കൂട്ടായ്മയ്ക്കു നേരെ ആക്രമണം. ഗർഭിണി ഉൾപ്പെടെ ഇരുപത്തിയഞ്ചിലധികം ക്രൈസ്തവരാണ് ആക്രമണത്തിന് ഇരയായത്. മെയ് 31ന് സുക്മ ജില്ലയിലെ പാലെം ഗ്രാമപഞ്ചായത്ത് കീഴിലുള്ള സദ്രപാൽ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രാര്‍ത്ഥനയ്ക്കായി എഴുപതോളം വിശ്വാസികള്‍ ഒരുമിച്ച് കൂടിയിരിന്നു. ഒരു സംഘം ആളുകള്‍ പ്രാർത്ഥന കൂട്ടായ്മയിലേക്ക് അതിക്രമിച്ചെത്തി അവിടെയുണ്ടായിരുന്നവരെ ആക്രമിക്കുകയായിരിന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമമായ 'കാത്തലിക് കണക്ട്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തിനിടെ ഗര്‍ഭിണിയ്ക്കു ഉള്‍പ്പെടെയുള്ള മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. മേഖലയിലെ ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും പൂര്‍ണ്ണമായും ആശങ്കയിലാഴ്ത്തിയാണ് ആക്രമണം അരങ്ങേറിയത്. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരെ ടോങ്പാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മറ്റ് ചിലരെ വിദഗ്ദ്ധ ചികിത്സാര്‍ത്ഥം സുക്മയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിശ്വാസികൾ സമാധാനപരമായി പ്രാർത്ഥനയിൽ ഏർപ്പെട്ടിരുന്ന സമയത്താണ് സമൂഹത്തിനു നേരെ ആക്രമണം നടന്നതെന്നും ക്രിസ്തീയ വിശ്വാസത്തോടും ആരാധനയോടുമുള്ള വിദ്വേഷവുമാണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് വിശ്വാസികള്‍ വെളിപ്പെടുത്തി.

ഇതിനിടെ ആക്രമണത്തിന് സ്വത്ത് തർക്കവുമായി ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരണം നടത്തുവാന്‍ അക്രമികള്‍ ശ്രമം നടത്തിയെങ്കിലും വിശ്വാസികള്‍ ഇത് നിഷേധിച്ചു. നീതിയുക്തവും സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾ അധികാരികളോട് അഭ്യർത്ഥിച്ചു. അതേസമയം ആക്രമണം പ്രദേശത്തെ ക്രൈസ്തവ കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Tags

Share this story

From Around the Web