കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം; സൈഡ് നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ മര്‍ദനം
ആലപ്പുഴ: കൃഷ്ണപുരത്ത് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ക്ക് നേരെ ബൈക്ക് യാത്രികരുടെ മര്‍ദനം.
തിരുവനന്തപുരത്തുനിന്ന് പളനിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസ്സിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ ഡ്രൈവര്‍ പ്രവീണിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് ബൈക്കുകളിലായെത്തിയ ആറോളം യുവാക്കള്‍ ബസ്സിന് മുന്നില്‍ സൈഡ് നല്‍കാതെയും അപകടകരമായി രീതിയില്‍ വാഹനം ഓടിച്ചും യാത്ര തടസ്സപ്പെടുത്തുകയായിരുന്നു. ഇത് സംബന്ധിച്ച് ഡ്രൈവറും യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് വാഹനം നിര്‍ത്തിയപ്പോള്‍ ബൈക്ക് യാത്രക്കാരായ സംഘം ഡ്രൈവറെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു.
രാത്രി സമയമായതിനാലും അക്രമികളെ ഭയന്നും യാത്രക്കാരോ നാട്ടുകാരോ തടയാന്‍ മുതിര്‍ന്നില്ല. തുടര്‍ന്ന് ബസ്സിലുണ്ടായിരുന്ന സഹഡ്രൈവര്‍മാര്‍ ചേര്‍ന്ന് പരിക്കേറ്റ പ്രവീണിനെ അതേ ബസ്സില്‍ത്തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ കായംകുളം പോലീസ് ആശുപത്രിയിലെത്തി ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു