കോംഗോയിൽ ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം: എബോള രോഗികൾ കൂട്ടത്തോടെ ഓടിപ്പോയി
ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) എബോള പ്രതിരോധ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. മരുന്നുകളുടെയും അത്യാവശ്യ സാമഗ്രികളുടെയും കടുത്ത ക്ഷാമത്തിനിടയിലും, എബോള ചികിത്സാ കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടാകുന്ന ജനക്കൂട്ടത്തിന്റെ ആക്രമണങ്ങളാണ് നിലവിൽ ആരോഗ്യപ്രവർത്തകരെ പ്രതിസന്ധിയിലാക്കുന്നത്. ആക്രമണങ്ങളെ തുടർന്ന് നിരവധി രോഗികൾ ആശുപത്രികളിൽ നിന്ന് ജനവാസ മേഖലകളിലേക്ക് ഓടിപ്പോയിട്ടുണ്ട്.
വടക്കുകിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് എബോള വ്യാപനത്തിനിടയിൽ ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ മൂന്ന് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ഒരേ ആശുപത്രിയെ ലക്ഷ്യമിട്ട് നടന്ന രണ്ട് ആക്രമണങ്ങളെ തുടർന്ന് ഇരുപതിലധികം രോഗികളാണ് ഇവിടെ നിന്നും ഓടിപ്പോയത്.
2018-2020 കാലഘട്ടത്തിൽ കിഴക്കൻ കോംഗോയിൽ ഉണ്ടായ എബോള പടർന്നുപിടിക്കലിന്റെ സമയത്ത് ഇരുപത്തിയഞ്ചിലധികം ആരോഗ്യ പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ട അക്രമ സംഭവങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ.
മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ആചാരപ്രകാരം സംസ്‌കരിക്കാൻ അനുവദിക്കാത്തതിലുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പലയിടങ്ങളിലും അക്രമമായി മാറുന്നത്. എബോള ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങളിൽ നിന്ന് രോഗം പകരാൻ വലിയ സാധ്യതയുള്ളതിനാൽ അധികൃതർ തന്നെയാണ് സംസ്‌കാര ചടങ്ങുകൾ നടത്തുന്നത്.
ഇതിനുപുറമേ, ഈ രോഗബാധ ഒരു വ്യാജവാർത്തയാണെന്ന് വിശ്വസിക്കുന്നവരും പ്രദേശത്തുണ്ട്. പതിറ്റാണ്ടുകളായി ആഭ്യന്തര യുദ്ധവും മാനുഷിക പ്രതിസന്ധികളും കാരണം അധികൃതർ തിരിഞ്ഞുനോക്കാതിരുന്ന ഒരു പ്രദേശത്തേക്ക്, പെട്ടെന്ന് രോഗബാധയുടെ പേരിൽ വലിയ തോതിൽ പണവും സന്നദ്ധപ്രവർത്തകരും ഒഴുകിയെത്തുന്നത് പ്രാദേശിക ജനങ്ങളിൽ വലിയ സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകളുടെ ഈ പെട്ടെന്നുള്ള താല്പര്യത്തിന് പിന്നിൽ മറ്റ് നിഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് പല നാട്ടുകാരും വിശ്വസിക്കുന്നത്.