ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, സി.പി.ഐ.എം പ്രവര്ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; അപേക്ഷ കോടതിയില്
തിരുവനന്തപുരം: എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് സി.പി.ഐ.എം പ്രവര്ത്തകരായ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു.
ഉണ്ണികൃഷ്ണന്, ദിനീത്, രേവന്ത് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് കന്റോണ്മെന്റ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് അപേക്ഷ നല്കിയിരിക്കുന്നത്.
പ്രതികള് ജാമ്യവ്യവസ്ഥകള് ലംഘിച്ച് സമാനമായ കുറ്റകൃത്യങ്ങളില് ഏര്പ്പെട്ടെന്നാണ് പൊലീസിന്റെ പ്രധാന ആരോപണം. കന്റോണ്മെന്റ് എസ്.ഐ ഗോകുല് ഗോപന്റെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാര്ച്ചില് ഇവര് പങ്കെടുത്തതാണ് ജാമ്യവ്യവസ്ഥ ലംഘനമായി ചൂണ്ടിക്കാണിക്കുന്നത്.
എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലായിരുന്നു എസ്.ഐയുടെ വീട്ടിലേക്ക് മാര്ച്ച് നടന്നത്.
കേസില് പൊലീസ് ഉടന് തന്നെ കുറ്റപത്രം സമര്പ്പിക്കാനിരിക്കെയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള ഈ നീക്കം. കേസിലെ മറ്റ് പ്രതികളായ ഐ.പി. ബിനു ഉള്പ്പെടെയുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെയും അപേക്ഷ നല്കിയിരുന്നു. ഈ അപേക്ഷകള് കോടതി ഇന്ന് പരിഗണിക്കും.
കേസില് പ്രതികളുടെ ഫോണുകളുടെ ഫോറന്സിക് പരിശോധനാ ഫലം ലഭിച്ചാലുടന് അന്തിമ കുറ്റപത്രം കോടതിയില് സമര്പ്പിക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില് മെയ് 27-നായിരുന്നു ഇ.ഡി റെയ്ഡ് നടത്തിയത്. കേസില് പ്രതിയായ ടി. വീണ താമസിക്കുന്ന വീട് എന്ന നിലയിലായിരുന്നു ബേക്കറി ജംഗ്ഷനിലെ ഈ വീട്ടില് ഇ.ഡി പരിശോധന നടത്തിയത്.
റെയ്ഡിന് പിന്നാലെ രാഷ്ട്രീയ വിരോധം വച്ച് ഇ.ഡി പ്രവര്ത്തിക്കുന്നുവെന്ന് ആരോപിച്ച് സി.പി.ഐ.എം പ്രവര്ത്തകര് വീടിനു മുന്നില് തടിച്ചുകൂടുകയും, റെയ്ഡ് പൂര്ത്തിയാക്കി പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കുകയുമായിരുന്നു.