താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം; നാളെ സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിക്കും

 
medical

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ തലയ്ക്ക് വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കാൻ കെ ജി എം ഒ എ. നാളെ സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിക്കും.

 കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും വ്യക്തമാക്കുന്നതാണ് ഈ സംഭവം.

ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണ്.

തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശുപത്രി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന് ദീർഘകാലമായി സംഘടന മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ല

ഡോക്ടർ വന്ദനാദാസിൻ്റെ ദാരുണമായ കൊലപാതകത്തിന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ ആശുപത്രികളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് കാതലായ നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായിരുന്നു.

ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കും എന്നും എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കും തിരക്കുള്ള സമയത്ത് അത്യാഹിത വിഭാഗങ്ങളിൽ രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും എന്നുമുള്ള വാഗ്ദാനങ്ങൾ ഇപ്പോഴും ജലരേഖയായി അവശേഷിക്കുകയാണ്. 

Tags

Share this story

From Around the Web