ഗാസയിലെ ദേവാലയത്തിന് നേരെയുള്ള ആക്രമണം: പാത്രിയാര്‍ക്കീസുമായി ഫോണില്‍ സംസാരിച്ച് ലെയോ പാപ്പ

ജെറുസലേം: ഗാസയിലെ ഏക കത്തോലിക്ക ഇടവകയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജെറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയുമായി ലെയോ പതിനാലാമന്‍ പാപ്പ ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു.
സംഭവത്തില്‍ ദുഃഖമുണ്ടെന്നും കൂട്ടക്കൊല അവസാനിപ്പിക്കേണ്ട സമയമാണിതെന്നും ലെയോ പതിനാലാമന്‍ പാപ്പ ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞു.
ഗാസയിലെ കത്തോലിക്ക ഇടവകയില്‍ ഉടലെടുത്ത അടിയന്തിരസാഹചര്യത്തില്‍, നൂറുകണക്കിന് ടണ്‍ മാനുഷിക സഹായവുമായി ജെറുസലേമിലെ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് തിയോഫിലോസ് മൂന്നാമനോടൊപ്പം കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഗാസയിലെത്തിയിട്ടുണ്ട്.
ഗാസയിലേക്ക് തങ്ങള്‍ പോകുമ്പോള്‍ ലെയോ പതിനാലാമന്‍ പാപ്പ തന്റെ അടുപ്പം, വാത്സല്യം, പ്രാര്‍ത്ഥനകള്‍, പിന്തുണ, എന്നിവ അറിയിച്ചും ഈ ദുരന്തത്തിന് അറുതി വരുത്താന്‍ സാധ്യമായതെല്ലാം ചെയ്യാനുള്ള തന്റെ സന്നദ്ധത അറിയിച്ചുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
കൂട്ടക്കൊല അവസാനിപ്പിക്കേണ്ട സമയമാണിതെന്നും സംഭവിച്ചത് ന്യായീകരിക്കാനാവാത്തതാണെന്നും ഇനി ഇരകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും പാപ്പ പറഞ്ഞു. ഗാസയിലെ മുഴുവന്‍ സമൂഹത്തിന്റെയും, സഹോദരീസഹോദരന്മാരുടെയും, വൈദികരുടെയും, സന്യാസിനികളുടെയും പ്രാര്‍ത്ഥനയും നന്ദിയും പരിശുദ്ധ പിതാവിനെ അറിയിച്ചുവെന്നും കര്‍ദ്ദിനാള്‍ പിസബല്ല പറഞ്ഞു.
ഗാസയിലെ ഒരേയൊരു കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് നേരെ ഇസ്രായേലി സേന നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി ഉള്‍പ്പെടെ രണ്ടു പേര്‍ക്കു പരിക്കേറ്റിരിന്നു.
ക്രൈസ്തവരെ കൂടാതെ നിരവധി ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിനു ആളുകള്‍ക്ക് അഭയകേന്ദ്രമായ ദേവാലയമായിരിന്നു ഇത്. ആക്രമണത്തില്‍ ഇസ്രായേലിനെതിരെ പ്രതിഷേധം വ്യാപകമാണ്.