ജെറുസലേമിൽ കത്തോലിക്കാ സന്യാസിനിക്കു നേരെ ആക്രമണം: പ്രതിയെ അറസ്റ്റ് ചെയ്തു

 
Jesrualem

ഇസ്രായേലിലെ ജെറുസലേമിലുള്ള സിയോൻ പർവതമേഖലയിൽ കത്തോലിക്കാ സന്യാസിനി ആക്രമണത്തിനിരയായ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് സ്കൂൾ ഓഫ് ബിബ്ലിക്കൽ ആൻഡ് ആർക്കിയോളജിക്കൽ സ്റ്റഡീസിലെ ഗവേഷണ വിഭാഗത്തിൽ സഹകരിക്കുന്ന 48 വയസ്സുള്ള സന്യാസിനിക്കു നേരെയാണ് ഏപ്രിൽ 28 ന് അതിക്രമമുണ്ടായത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വിശുദ്ധ കുർബാനയുടെ സ്മരണകളുറങ്ങുന്ന സെനാക്കിളിന് സമീപത്തു വച്ചാണ് ആക്രമണം നടന്നത്. വഴിയിലൂടെ നടന്നുപോവുകയായിരുന്ന സന്യാസിനിയെ ഒരാൾ പിന്തുടരുകയും പിന്നിൽ നിന്ന് ശക്തമായി തള്ളിവീഴ്ത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പരാതി ലഭിച്ച ഉടൻ തന്നെ ഇസ്രായേൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. അക്രമസംഭവങ്ങളോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നയമാണ് തങ്ങൾ പിന്തുടരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.


ജെറുസലേം നഗരം എല്ലാവർക്കും ഒരുപോലെ വിശുദ്ധമാണെന്നും മതപുരോഹിതർക്കും വിശ്വാസികൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങളെ അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. എല്ലാ മതസമൂഹങ്ങൾക്കും സുരക്ഷ ഉറപ്പാക്കുമെന്നും അക്രമികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അതേസമയം, ജെറുസലേമിലും പരിസര പ്രദേശങ്ങളിലും വർധിച്ചുവരുന്ന ക്രൈസ്തവവിരുദ്ധതയുടെ ഭാഗമാണ് ഈ ആക്രമണമെന്ന് ഹീബ്രു യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ക്രിസ്ത്യൻ സ്റ്റഡീസ് ആരോപിച്ചു. ഇതൊരു വെറുപ്പിന്റെ കുറ്റകൃത്യമാണെന്നും, ഇത്തരം പ്രവണതകൾ തടയാൻ നിയമനിർമ്മാണത്തിലൂടെയും ബോധവൽക്കരണത്തിലൂടെയും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പരിക്കേറ്റ സന്യാസിനിയെ സഹായിച്ചവർക്കും പിന്തുണ നൽകിയ നയതന്ത്രജ്ഞർക്കും ഫാ. ഒലിവിയർ പോക്വിലോൺ നന്ദി രേഖപ്പെടുത്തി.

Tags

Share this story

From Around the Web