ബംഗാളിലെ കത്തോലിക്ക ദേവാലയത്തിന് നേരെ ആക്രമണം

 
BENGAL

പശ്ചിമ ബംഗാളിലെ ഡിവൈന്‍ ലവ് ധ്യാനകേന്ദ്രത്തില്‍ സാന്താളി ഭാഷയില്‍ നടന്ന ബൈബിള്‍ കണ്‍വെന്‍ഷന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. കൃഷ്ണനഗറിന് സമീപമുള്ള ജലാല്‍ഖാലിയില്‍ വിന്‍സെന്‍ഷ്യന്‍ സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ലവ് ധ്യാനകേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്.

ആക്രമണം നടത്തിയവരെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കുന്നതായി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് അറയ്ക്കല്‍ വിസി പ്രതികരിച്ചു.

ശാന്തിപൂര്‍, നവദീപ് തുടങ്ങിയ മേഖലകളില്‍ നിന്ന് മിനി ട്രക്കുകളില്‍ മരവടികളും കമ്പികളും കല്ലുകളുമായി എത്തിയവരാണ് അക്രമം അഴിച്ചുവിട്ടത്. ധ്യാന കേന്ദ്രത്തിലെ ലൈറ്റുകള്‍ അണച്ച ശേഷം അക്രമികള്‍ പ്രാര്‍ത്ഥനാ ഹാളിലേക്ക് ഇരച്ചുകയറി ആളുകളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച യുവാക്കളെയും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയവരെയും ഇരുമ്പുകമ്പികള്‍ കൊണ്ട് അടിക്കുകയും പള്ളിയുടെ ജാലകങ്ങളും വാതിലുകളും തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തു.

ആക്രമണത്തെ തുടര്‍ന്ന് ക്രൈസ്തവ കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് കടുത്ത ഭീതിയും സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുകയാണ്. ഗോത്രവര്‍ഗക്കാരെ മതംമാറ്റുന്നു എന്ന വ്യാജ ആരോപണമുന്നയിച്ചായിരുന്നു ആക്രമണം. എന്നാല്‍ വര്‍ഷങ്ങളായി വിശ്വാസം സ്വീകരിച്ച് കത്തോലിക്കാ സഭയില്‍ കഴിയുന്നവരാണിവരെന്നും മതംമാറ്റ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും സഭാധികൃതര്‍ വ്യക്തമാക്കി.

സംഭവത്തില്‍ കൃഷ്ണനഗര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. നിര്‍മല്‍ വിന്‍സെന്റ് ഗോമസ് കൃഷ്ണനഗര്‍ പോലീസ് സ്റ്റേഷനിലും നാദിയ ജില്ലാ മജിസ്ട്രേറ്റിനും നേരിട്ട് പരാതി നല്‍കി. വിന്‍സെന്‍ഷ്യന്‍ സഭാംഗങ്ങളായ മലയാളി വൈദികരും ഈ ധ്യാന കേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ബംഗാളിലെ 13 ജില്ലകളിലായി 60-ലധികം ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരം വര്‍ഗീയ അക്രമങ്ങള്‍ അവസാനിപ്പിക്കാനും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യം ഉറപ്പുവരുത്താനും മുഖ്യമന്ത്രി സുവേന്ദു അധികാരി വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web