നിര്‍ബന്ധിത മതപരിവര്‍ത്തനം' ആരോപിച്ച് ആക്രമണം; ബംഗാളില്‍ ക്രിസ്ത്യന്‍ സംഘടനകള്‍ പ്രാര്‍ഥനകള്‍ നിര്‍ത്തിവച്ചു. പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും മര്‍ദനമേറ്റ സാഹചര്യത്തിലാണ് തീരുമാനം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രാര്‍ഥനകളും സന്ദര്‍ശനങ്ങളും നിര്‍ത്തിവെച്ച് ക്രിസ്ത്യന്‍ സംഘടനകള്‍.
ഹൗറ ജില്ലയിലെ ഉലുബേരിയയില്‍ പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും മര്‍ദനമേല്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ ഉലുബേരിയയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബംഗീയ ബംഗാള്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സ്ഥാപകന്‍ ഹെറോദ് മല്ലിക് പറഞ്ഞു.
ഓഗസ്റ്റ് 23ന് ഉലുബേരിയയില്‍ ഞായറാഴ്ച പ്രാര്‍ഥന നടക്കുന്നതിനിടെയാണ് ഒരു സംഘം വീടിനുള്ളിലേക്ക് കടന്നുകയറിയത്. 'നിര്‍ബന്ധിത മതപരിവര്‍ത്തനം' ആരോപിച്ചായിരുന്നു ആക്രമണം. ഞായറാഴ്ചകളിലെ പതിവുപോലെ ഏകദേശം 60 പേര്‍ പങ്കെടുക്കുന്ന പ്രാര്‍ഥനാ യോഗത്തിനായി വീട് വാടകയ്‌ക്കെടുത്തതായിരുന്നു.
രാവിലെ 11ന് പ്രാര്‍ഥന ആരംഭിച്ചു. വൈകിട്ട് മൂന്നോടെ മുദ്രാവാക്യം വിളിച്ചെത്തിയ സംഘം വീടിനുള്ളിലേക്ക് കടന്നുകയറി പാസ്റ്ററെയും വിശ്വാസികളെയും മര്‍ദിക്കുകയും മൈക്കും സ്പീക്കറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ജൂലൈ അഞ്ചിന് സൗത്ത് 24 പര്‍ഗാനാസിലെ സുഭാഷ്ഗ്രാമില്‍ നിര്‍മാണത്തിലിരുന്ന പള്ളി ആക്രമിച്ചതായും പൂര്‍വ ബര്‍ധമാനില്‍ ശവസംസ്‌കാര ചടങ്ങ് തടസ്സപ്പെടുത്തിയതായും പാസ്റ്റര്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് എത്തിയാണ് പാസ്റ്ററെയും വിശ്വാസികളെയും രക്ഷപ്പെടുത്തിയത്. അതേസമയം, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സംഭവങ്ങളെ വിശദീകരിക്കുന്നത്.
എന്നാല്‍, ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടുകളിലെ പ്രാര്‍ഥനകളും സന്ദര്‍ശനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ അറിയിച്ചു.