ഗാസയിലെ ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ ആക്രമണം; അബദ്ധം പറ്റിയെന്ന് നെതന്യാഹു
Jul 19, 2025, 14:21 IST

ടെൽ അവീവ്: ഗാസയിലെ ഏക ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ ആക്രമണം ഇസ്രയേലിന് പറ്റിയ അബദ്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺസംഭാഷണത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചിൽ. പള്ളിയാക്രമണത്തിലെ അതൃപ്തി ട്രംപ് നെതന്യാഹുവിനെ അറിയിച്ചെന്ന് വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
ട്രംപിന്റെ സമ്മർദത്തെത്തുടർന്ന് ആക്രമണത്തിൽ ഖേദം രേഖപ്പെടുത്തി നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിറക്കി. ലിയോ പതിന്നാലാമൻ മാർപാപ്പയുടെ ആശ്വാസവാക്കുകൾക്ക് നന്ദിയുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും സിവിലിയന്മാരെയും പുണ്യസ്ഥലങ്ങളെയും സംരക്ഷിക്കാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്നും അതിൽ പറയുന്നു.