കാനഡയിൽ യഹൂദർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു; ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി കാർണി
കാനഡയിൽ യഹൂദർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി പുതിയ ഫെഡറൽ ഉപദേശക സമിതി രൂപീകരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. രാജ്യത്ത് അടുത്തിടെയായി മതപരമായ അതിക്രമങ്ങൾ വലിയ രീതിയിൽ വർധിച്ചുവരുന്നതായും യഹൂദ സമൂഹത്തെ സംരക്ഷിക്കുന്നതിൽ രാജ്യം പരാജയപ്പെടുകയാണെന്നും ടൊറന്റോയിൽ നടന്ന ചടങ്ങിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട മതപരമായ അതിക്രമങ്ങളിൽ വലിയൊരു പങ്കും ഇത്തരത്തിൽ ഒരു ചെറിയ ശതമാനം മാത്രം വരുന്ന ജനവിഭാഗത്തിന് നേരെയായിരുന്നു നടന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. യഹൂദ വിദ്വേഷവും മറ്റ് തരത്തിലുള്ള അതിക്രമങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. പുതിയ സാഹചര്യങ്ങൾ വിലയിരുത്താനും ഇത്തരം അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും പ്രധാനമന്ത്രി സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ആറ് നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ ഇതിനോടകം തന്നെ ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു.
അതിക്രമങ്ങൾ തടയുന്നതിനും മതസ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി വലിയൊരു തുക സർക്കാർ മാറ്റിവെച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജൂത വിദ്യാലയങ്ങൾക്ക് നേരെയുണ്ടായ വെടിവെയ്പ്പും ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെകുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വിദ്വേഷ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനുമുള്ള ശക്തമായ നിയമപരിഷ്കാരങ്ങൾ ഇപ്പോൾ പാർലമെന്റിന്റെ പരിഗണനയിലാണ് ഉള്ളത്.