സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രായശ്ചിത്ത പരിഹാര തിരുകര്‍മ്മം നടത്തി

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാന ദേവാലയമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കഴിഞ്ഞ ദിവസം യുവാവ് നടത്തിയ അവഹേളനത്തില്‍ പ്രായശ്ചിത്ത പരിഹാര തിരുകര്‍മ്മം നടത്തി.
പ്രധാന അള്‍ത്താരയില്‍ നടന്ന പ്രായശ്ചിത്ത കര്‍മ്മത്തിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കര്‍ദ്ദിനാള്‍ മൗറോ ഗാംബെറ്റി നേതൃത്വം നല്‍കി.
ഇന്നലെ ഒക്ടോബര്‍ 13 പ്രാദേശിക സമയം ഉച്ചയ്ക്ക് 12:45-ന് ആരംഭിച്ച പാപപരിഹാര തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കര്‍ദ്ദിനാള്‍ ഗാംബെറ്റി അള്‍ത്താരയില്‍ വിശുദ്ധജലം തളിക്കുകയും ധൂപാര്‍പ്പണം നടത്തുകയും ചെയ്തു.
വത്തിക്കാന്‍ ബസിലിക്കയിലെ ജീവനക്കാര്‍ പങ്കെടുത്ത ചടങ്ങില്‍, അപമാനത്തിന് ദൈവത്തോട് ക്ഷമ ചോദിച്ച് പ്രാര്‍ത്ഥിച്ചതായി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. എന്‍സോ ഫോര്‍ച്യൂണാറ്റോ സിഎന്‍എയുടെ സ്പാനിഷ് വാര്‍ത്താ പങ്കാളിയായ 'എസിഐ പ്രെന്‍സ'യോട് പറഞ്ഞു.
ഒക്ടോബര്‍ 10 വെള്ളിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ അള്‍ത്താരയിലേക്ക് കയറിയ യുവാവ് അവിടെവെച്ച് മൂത്രമൊഴിച്ചാണ് അവേഹളനം നടത്തിയത്.
ഉടന്‍ തന്നെ പോലീസ് ഇയാളെ ദേവാലയത്തില്‍ നിന്നു നീക്കി. സംഭവത്തില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ ഞെട്ടല്‍ പ്രകടിപ്പിച്ചിരിന്നു. ലെയോ പാപ്പയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രായശ്ചിത്ത പരിഹാര തിരുക്കര്‍മ്മം ദേവാലയത്തില്‍ നടത്തിയത്.