'അറ്റ്‌ലാന്റിക് നിന' വരുന്നു, ഇന്ത്യയില്‍ കനത്ത മണ്‍സൂണിന് സാധ്യത
ലോകമെമ്പാടും സൂപ്പര്‍ എല്‍ നിനോയുടെ കെടുതികള്‍ തുടരുന്നതിനിടെ, കാലാവസ്ഥാ ഭൂപടത്തില്‍ അപൂര്‍വ്വമായൊരു പ്രതിഭാസം കൂടി പ്രത്യക്ഷപ്പെടുന്നു; 'അറ്റ്‌ലാന്റിക് നിന' .
പസഫിക്കില്‍ എല്‍ നിനോ ചൂട് പരത്തുമ്പോള്‍, അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ കിഴക്കന്‍ ഭാഗത്ത് സമുദ്രോപരിതല താപനില ഗണ്യമായി കുറയുന്ന ഈ പ്രതിഭാസം കഴിഞ്ഞ 40 വര്‍ഷത്തിനിടെ 5 തവണ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. ഇത് ലോകത്തിന്റെ കാലാവസ്ഥയെ കീഴ്‌മേല്‍ മറിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
സമുദ്ര ഉപരിതല താപനില ശരാശരിയേക്കാള്‍ 0.5 ഡിഗ്രി സെല്‍ഷ്യസിലധികം കുറയുന്ന അവസ്ഥയാണിത്. ആഫ്രിക്കയുടെ തെക്കുകിഴക്കന്‍ തീരത്തിന് സമീപമാണ് ഇത് രൂപം കൊള്ളുന്നത്.
എല്‍ നിനോയ്ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്ന അറ്റ്‌ലാന്റിക് നിന, അന്തരീക്ഷത്തിലെ ഈര്‍പ്പവും താപവും കുറയ്ക്കുന്നു. ഇത് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത് തടയുകയും പ്രകൃതിയുടെ താളം തെറ്റിക്കുകയും ചെയ്യുന്നു.
അമേരിക്കയിലെ ചുഴലിക്കാറ്റ് സീസണില്‍ വന്‍ മാറ്റങ്ങളാണ് ഈ പ്രതിഭാസം കൊണ്ടുവരുന്നത്. അറ്റ്‌ലാന്റിക് നിന കാരണം ചുഴലിക്കാറ്റുകള്‍ രൂപപ്പെടാനുള്ള സാഹചര്യം കുറയുന്നു.
ചഛഅഅയുടെ കണക്കുകള്‍ പ്രകാരം, സാധാരണ വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയോളം ചുഴലിക്കാറ്റുകള്‍ മാത്രമേ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടതുള്ളൂ. പേരുള്ള കൊടുങ്കാറ്റുകള്‍ എട്ട് മുതല്‍ 14 വരെയും, പ്രധാന ചുഴലിക്കാറ്റുകള്‍ മൂന്ന് മുതല്‍ ആറ് വരെയും മാത്രമായി ചുരുങ്ങാനാണ് സാധ്യത.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അറ്റ്‌ലാന്റിക് നിന ശുഭവാര്‍ത്തയാണ്. തണുത്ത അറ്റ്‌ലാന്റിക് സമുദ്രം ഇന്ത്യയില്‍ ശക്തമായ മണ്‍സൂണ്‍ മഴയ്ക്ക് വഴിയൊരുക്കുന്നു. നേരത്തെ മണ്‍സൂണ്‍ അസമമായിരിക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും, നിലവില്‍ പല സംസ്ഥാനങ്ങളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്.
ലഡാക്കില്‍ സാധാരണയേക്കാള്‍ 65 ശതമാനം കൂടുതല്‍ മഴ ലഭിച്ചത് ഇതിന്റെ തെളിവാണ്. വരും ദിവസങ്ങളിലും മധ്യ-വടക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.