പകുതി ദോശ അകത്താക്കി, ബാക്കി നോക്കിയപ്പോള്‍ ഞെട്ടി; ഭക്ഷണത്തില്‍ ചത്ത എലി, ഹോട്ടലിനെതിരെ പരാതി നല്‍കി, മുംബൈയിലാണ് സംഭവം
മുംബൈ: മുംബൈ ബോറിവലിയിലെ പ്രശസ്തമായ ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തിയ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി. രാധാകൃഷ്ണ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയയാള്‍ ഓര്‍ഡര്‍ ചെയ്ത മൈസൂര്‍ മസാല ദോശയിലാണ് ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദോശയുടെ പകുതിയോളം കഴിച്ച ശേഷമാണ് ഉള്ളിലെ മസാലയ്ക്കൊപ്പം ചത്ത എലിയെ കസ്റ്റമറുടെ ശ്രദ്ധയില്‍പ്പെട്ടത്.
സംഭവത്തില്‍ പ്രകോപിതനായ ഉപഭോക്താവ് ദോശയിലെ എലിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഹോട്ടല്‍ അധികൃതരെ ചോദ്യം ചെയ്തു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതോടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ബോറിവലി പോലീസ് സ്റ്റേഷനിലെത്തി ഹോട്ടലിനും ജീവനക്കാര്‍ക്കുമെതിരെ ഔദ്യോഗികമായി പരാതിയും നല്‍കി.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഹോട്ടലിലെ അടുക്കളയും പരിസരവും അടിയന്തരമായി പരിശോധിക്കാനും, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അധികൃതര്‍ ഉത്തരവിട്ടു. സംഭവത്തില്‍ ബോറിവലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.