ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടന പദയാത്രകള്‍ക്ക് തുടക്കമാകുന്നു

 
Mar ivanios
തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടന പദയാത്രകള്‍ക്ക് തുടക്കമാകുന്നു. റാന്നി പെരുന്നാട്ടില്‍നിന്ന് ആരംഭിക്കുന്ന പ്രധാന പദയാത്ര ജൂലൈ 10 വ്യാഴാഴ്ച മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ പങ്കെടുക്കും.
രാവിലെ 6.30 ന് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത് മൂവ്‌മെന്റ് (എംസിവൈഎം) സഭാതല സമിതിയും തിരുവനന്തപുരം മേജര്‍ അതിരൂപതാ, പത്തനംതിട്ട രൂപതാ സമിതികളും സംയുക്തമായി നേതൃത്വം നല്‍കും. വൈകുന്നേരം പത്തനംതിട്ടയില്‍ സമാപിക്കുന്ന പദയാത്ര തുടര്‍ന്ന് അടൂര്‍, കൊട്ടാരക്കര, ആയൂര്‍, പിരപ്പന്‍കോട് വഴി തിരുവനന്തപുരത്ത് എത്തിച്ചേരും.
മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ജന്മഗൃഹമായ മാവേലിക്കര പുതിയകാവില്‍നിന്ന് ആരംഭിക്കുന്ന പദയാത്ര ജൂലൈ ഒമ്പതിന് രാവിലെ മാവേലിക്കര ബിഷപ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് പദയാത്ര കറ്റാനം, പഴകുളം, കടമ്പനാട്, പുത്തൂര്‍, കല്ലുവാതുക്കല്‍, ആറ്റിങ്ങല്‍ വഴി 14 ന് വൈകുന്നേരം കബറിങ്കല്‍ എത്തിച്ചേരും.
തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍നിന്ന് ആരംഭിക്കുന്ന പദയാത്ര ജൂലൈ ഒമ്പതിന് രാവിലെ ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ഇന്നലെ മൂവാറ്റുപുഴയില്‍നിന്ന് ബിഷപ് യൂഹോനോന്‍ മാര്‍ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്ത പദയാത്ര ഇന്നു വൈകുന്നേരം തിരുവല്ലയില്‍ എത്തിച്ചേരും.
 ഈ പദയാത്രകള്‍ 11 ന് വൈകുന്നേരം അടൂരില്‍ പ്രധാന പദയാത്രയോട് ചേരും. 13 ന് മാര്‍ത്താണ്ഡത്തുനിന്ന് ആരംഭിക്കുന്ന പദയാത്ര ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസും പാറശാലയില്‍നിന്ന് ആരംഭിക്കുന്ന പദയാത്ര ബിഷപ് തോമസ് മാര്‍ യൗസേബിയോസും ഉദ്ഘാടനം ചെയ്യും.
കേരളത്തിന് പുറത്ത് പുത്തൂര്‍, പൂന, ഒഡീഷ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ 14 ന് രാവിലെ പിരപ്പന്‍കോടുനിന്ന് പ്രധാന പദയാത്രയോടു ചേരും. ഈ വര്‍ഷം ഗള്‍ഫ് മേഖലയില്‍നിന്നുള്ള തീര്‍ത്ഥാടകരും പദയാത്രയില്‍ പങ്കുചേരും.
 14 ന് വൈകുന്നേരം അഞ്ചിന് എല്ലാ പദയാത്രകളും പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തില്‍ എത്തിച്ചേരും.

Tags

Share this story

From Around the Web