റോമിലെ മേരി മേജർ ബസിലിക്കയിൽ, മെയ് മാസത്തിൽ പ്രത്യേക മരിയൻ ഭക്താനുഷ്ഠാനങ്ങൾ

 
Francis

ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരം അടക്കം ചെയ്തിരിക്കുന്ന റോമിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ മേരി മേജർ  ബസിലിക്കയിൽ, മരിയൻ ഭക്തിക്ക് വേണ്ടി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന മെയ് മാസത്തിൽ, എല്ലാ ദിവസവും ജപമാല പ്രാർത്ഥനയും, വിശുദ്ധ കുർബാനയും നടക്കും. എ.ഡി. 358-ൽ ലിബീരിയസ് പാപ്പായുടെ  കാലത്ത്  റോമിൽ  നടന്ന അത്ഭുതകരമായ  സംഭവത്തിന്റെ സ്മരണയ്ക്കായി, പരിശുദ്ധ കന്യകാമറിയത്തിനു പ്രതിഷ്ഠിച്ചിരിക്കുന്ന റോമിലെ ദേവാലയമാണിത്.

തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 11:30 ന് വിശുദ്ധ കുരിശിന്റെ  കപ്പേളയിലും,  വൈകുന്നേരം 5 മണിക്ക് പൗലോസ് ശ്ലീഹായുടെ കപ്പേളയിലും ജപമാല പ്രാർത്ഥന അർപ്പിക്കും. മെയ് 19-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 7:00 മണിക്ക് "ദി സോങ് ഓഫ് മേരി" എന്ന തലക്കെട്ടിൽ മരിയൻ പാരായണം നടക്കും. മെയ് 30-ാം തീയതി രാത്രി 9:00 മണിക്ക്, അഞ്ചാം നൂറ്റാണ്ട് മുതലുള്ള ദൈവമാതാവിനെ സ്തുതിക്കുന്ന ഒരു ഗാനമായ അകാത്തിസ്റ്റോസ് ആലപിക്കും. ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങൾ പോലെ തന്നെ 24 ഖണ്ഡങ്ങൾ ചേർന്നതാണ് ഈ ഗാനം. 

മെയ് 31 ഞായറാഴ്ച രാത്രി 9:00 മണിക്ക് ജപമാല പ്രാർത്ഥനയ്ക്ക് ശേഷം നടക്കുന്ന സമാപന ചടങ്ങിൽ, റോം രൂപതയുടെ വികാരി ജനറൽ കർദ്ദിനാൾ ബൽദസാരെ റെയ്‌നയുടെ അധ്യക്ഷതയിൽ, പരിശുദ്ധ അമ്മയ്ക്ക് ഏവരെയും സമർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥന നടത്തും.

Tags

Share this story

From Around the Web