പലഹാരം വാങ്ങാന്‍ പോയ മകള്‍ മടങ്ങിയെത്തിയത് മുപ്പത്തിയഞ്ചാം വര്‍ഷത്തില്‍.ലഭിച്ചത്  കാണാതായ കുട്ടികളെ കണ്ടെത്താന്‍ സഹായിക്കുന്ന സംഘടന വഴി 

 
parents


മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ 37-കാരിയായ ഷൊങ് ഫെങ്ലിന്‍ ആണ് ഒടുവില്‍ ഡി.എന്‍.എ പരിശോധനയിലൂടെ സ്വന്തം അമ്മയെയും സഹോദരിയെയും തിരികെ കണ്ടെത്തിയത്.

1991-ല്‍ ഗുവാങ്ഷിയിലെ ഒരു പച്ചക്കറി മാര്‍ക്കറ്റില്‍ ഇഞ്ചിയും വെളുത്തുള്ളിയും വിറ്റിരുന്നവരായിരുന്നു ഷൊങ്ങിന്റെ മാതാപിതാക്കള്‍. ജോലിത്തിരക്കിനിടയില്‍ കുഞ്ഞിനെ ശ്രദ്ധിക്കാന്‍ കഴിയാതെ വന്നതോടെ പലഹാരം വാങ്ങി കഴിക്കാനായി മാതാപിതാക്കള്‍ രണ്ട് വയസ്സുകാരിയായ മകള്‍ക്ക് പണം നല്‍കി കടയിലേക്ക് വിട്ടു. 

എന്നാല്‍ പോകുന്നതിനിടെ വഴിതെറ്റിയ കുട്ടി മറ്റൊരു മാര്‍ക്കറ്റിലേക്ക് നടന്നുപോയി. കരഞ്ഞുവിളിച്ചുകിടന്ന കുട്ടിയെ കണ്ട ഒരു വസ്ത്രവ്യാപാരി അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. 

മാര്‍ക്കറ്റ് ഓഫീസില്‍ വിവരം അറിയിക്കുകയും അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്‌തെങ്കിലും ആരും കുട്ടിയെ അന്വേഷിച്ച് എത്തിയില്ല. ഇതോടെ വ്യാപാരി കുട്ടിയെ മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോയി സ്വന്തം മകളെപ്പോലെ വളര്‍ത്തുകയായിരുന്നു.

 വളര്‍ത്തുമാതാപിതാക്കളുടെ സ്‌നേഹത്തില്‍ വളര്‍ന്ന ഷൊങ് ഇപ്പോള്‍ വിവാഹിതയും എട്ട് വയസ്സുള്ള ഒരു മകളുടെ അമ്മയുമാണ്.


കുട്ടിക്കാലത്ത് തന്റെ മുഖത്തുണ്ടായിരുന്ന ചെറിയ ചില പരിക്കുകള്‍ കാരണം, മാതാപിതാക്കള്‍ തന്നെ മനഃപൂര്‍വ്വം ഉപേക്ഷിച്ചതാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ഷൊങ് ജീവിച്ചിരുന്നത്.

 എന്നാല്‍ കാണാതായ കുട്ടികളെ കണ്ടെത്താന്‍ സഹായിക്കുന്ന ചൈനയിലെ 'ബേബി കം ഹോം' എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ കഴിഞ്ഞ ഏപ്രില്‍ 12-ന് ഷൊങ് തന്റെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

 പോര്‍ട്ടലില്‍ പ്രത്യക്ഷപ്പെട്ട ഷൊങ്ങിന്റെ ചിത്രം കണ്ട്, കാണാതായ തന്റെ മൂത്ത സഹോദരിയുമായി അതിശയിപ്പിക്കുന്ന സാദൃശ്യമുണ്ടെന്ന് തോന്നിയ ഇളയ സഹോദരി ഇവരെ ബന്ധപ്പെടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ ഡി.എന്‍.എ പരിശോധന ഇരുവരും സഹോദരിമാരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മകള്‍ക്കായി മാതാപിതാക്കള്‍ പതിറ്റാണ്ടുകളോളം നാടുനീളെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ 2024-ല്‍ അവളുടെ പിതാവ് മരണപ്പെട്ടു. 

മരണക്കിടക്കയില്‍ വെച്ച് പോലും അദ്ദേഹം മൂത്തമകളെക്കുറിച്ച് ചോദിച്ചിരുന്നു. പിതാവിന്റെ വിയോഗത്തിനിടയിലും, ജൂലൈ 7-ന് ഷൊങ് തന്റെ ജന്മനാടായ യുലിനില്‍ തിരിച്ചെത്തുകയും അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയും ചെയ്തു. ഇനിമുതല്‍ സ്വന്തം ജന്മനാടുമായും അമ്മയുമായും അടുത്ത ബന്ധം പുലര്‍ത്തുമെന്നാണ് ഈ മകളുടെ പ്രഖ്യാപനം.

Tags

Share this story

From Around the Web