86ാം വയസില്‍ സമ്പൂര്‍ണ ബൈബിള്‍ പൂര്‍ണമായും കൈപ്പടയില്‍ പകര്‍ത്തിയെഴുതി റിട്ട. അധ്യാപിക

 
ERT


ഇരിട്ടി: 86-ാം വയസില്‍ സമ്പൂര്‍ണ ബൈബിള്‍ പൂര്‍ണമായും കൈപ്പടയില്‍ പകര്‍ത്തിയെഴുതി കൊട്ടുകപ്പാറ ലൂര്‍ദ് എല്‍പി സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപിക എടൂര്‍ കമ്പിനിനിരത്തെ മരോട്ടിക്കല്‍ തങ്കമ്മ. പഴയ നിയമവും പുതിയ നിയമവും ഉള്‍പ്പെടെ ബൈബിള്‍ പൂര്‍ണമായും 4790 പേജുകളിലായി ബൈബിളിലേതുപോലെ തന്നെയാണ് തങ്കമ്മ പകര്‍ത്തിയെഴുതിയത്.

എടൂരിലെ ആദ്യകാല കുടിയേറ്റക്കാരനായിരുന്ന റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസര്‍ പരേതനായ എം.കെ. പീറ്ററിന്റെ ഭാര്യയാണ്. അഭിഭാഷകനായ മകന്‍ മനോജ് പീറ്ററിനൊപ്പമാണ് താമസം. കുടുംബത്തിന്റെ നിയോഗംവച്ചാണ് ബൈബിള്‍ പകര്‍ത്തിയെഴുതാനുള്ള തീരുമാനമെന്ന് ഇവ സാധിച്ചുകിട്ടിയതായും തങ്കമ്മ പറഞ്ഞു. രണ്ടര വര്‍ഷം കൊണ്ടാണ് എഴുത്ത് പൂര്‍ത്തിയാക്കിയത്. കടലാസും പേനയും മറ്റ് സഹായങ്ങളുമായി കൊച്ചുമക്കളും ഒപ്പം ചേര്‍ന്നു.

എടൂര്‍ സെന്റ് മേരീസ് ഫൊറോന ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടന പള്ളിയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. തോമസ് വടക്കേമുറിയില്‍ ബൈബിള്‍ കൈയെഴുത്ത്പ്രതി ഏറ്റുവാങ്ങി തങ്കമ്മയെ ആദരിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ബോബിന്‍ പുളിയനാപ്പള്ളിയില്‍, ഫാ. റോബിന്‍സ് പുന്നക്കുഴി, ട്രസ്റ്റി മാത്യു ഒരപ്പാന്‍ കുഴിമറ്റം, ഇടവക കോ-ഓര്‍ഡിനേറ്റര്‍ സി.ജെ. ജോസഫ് ചെമ്പോത്തനാടിയില്‍ എന്നിവര്‍ പങ്കെടുത്തു.

Tags

Share this story

From Around the Web