44-ാം വയസ്സില്‍ തനിക്കുണ്ടായ മകന്‍ അത്ഭുതം. അത് തന്നെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചെന്ന് പോപ്പ് ഗായിക ഗ്വെന്‍ സ്റ്റെഫാനി

 
GWENE STEFANI


തന്റെ ജീവിതം മാറ്റിമറിച്ച ആത്മീയ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് ലോകപ്രശസ്ത പോപ്പ് ഗായിക ഗ്വെന്‍ സ്റ്റെഫാനി. HALOW: Prayer & Meditation യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കവെയാണ് 44-ാം വയസ്സില്‍ തനിക്കുണ്ടായ മകന്‍ ഒരു 'അത്ഭുത'മാണെന്നും, അത് തന്നെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചെന്നും താരം വെളിപ്പെടുത്തിയത്.


തന്റെ 40-കളില്‍ മൂന്നാമതൊരു കുഞ്ഞിന് വേണ്ടി ഗ്വെന്‍ സ്റ്റെഫാനി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ പ്രായത്തില്‍ സ്വാഭാവികമായ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറവാണെന്ന് വൈദ്യശാസ്ത്രം വിലയിരുത്തി. 

ഈ സമയത്ത് തന്റെ മൂത്ത മകന്‍ കിംഗ്സ്റ്റണ്‍, തനിക്ക് ഇനിയും ഒരു അനിയനോ അനിയത്തിയോ വേണമെന്ന് എല്ലാ ദിവസവും രാത്രി ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നു എന്ന് ഗ്വെന്‍ ഓര്‍ക്കുന്നു.

 മകന്‍ പ്രാര്‍ത്ഥന തുടങ്ങി നാല് ആഴ്ചകള്‍ക്ക് ശേഷം താന്‍ ഗര്‍ഭിണിയാണെന്ന വിവരം തിരിച്ചറിഞ്ഞതായി താരം പറഞ്ഞു. കുട്ടിക്കാലത്ത് കത്തോലിക്കാ പശ്ചാത്തലത്തില്‍ വളര്‍ന്ന ഗ്വെന്‍, തന്റെ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ആത്മീയതയില്‍ നിന്ന് അകന്നുപോയിരുന്നു. 

എന്നാല്‍ മകന്റെ ജനനത്തോടെ തന്റെ ആത്മീയ ജീവിതത്തിലേക്ക്  മടങ്ങിയ ഗ്വെന്‍, ഇപ്പോള്‍ കൃത്യമായി പ്രാര്‍ത്ഥനയിലും സഭാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്റര്‍നെറ്റിലൂടെ ക്രിസ്തീയ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നത് തന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റിയെന്ന് താരം പറയുന്നു.

 നിലവില്‍ 56 വയസ്സുള്ള ഗ്വെന്‍, താന്‍ ഇപ്പോഴും വിശ്വാസത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തി. ഒരു നല്ല ക്രിസ്ത്യാനിയായി ജീവിക്കണമെന്നും ദൈവത്തോട് കൂടുതല്‍ അടുക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും താരം വ്യക്തമാക്കി. നിലവില്‍ 'ഹാല്ലോ' എന്ന പ്രാര്‍ത്ഥനാ ആപ്പുമായി സഹകരിച്ച് തന്റെ ആത്മീയ അനുഭവങ്ങള്‍ താരം പങ്കുവെക്കുന്നുണ്ട്. 

അതേസമയം തന്റെ ഭര്‍ത്താവും പ്രശസ്ത കണ്‍ട്രി ഗായകനുമായ ബ്ലെയ്ക്ക് ഷെല്‍ട്ടനും ഗ്വെന്റെ വിശ്വാസ ജീവിതത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. 

അദ്ദേഹവും വിശ്വാസത്തിന്റെ പാത പിന്തുടരുന്ന വ്യക്തിയാണ്. തങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതും ആത്മീയ കാര്യങ്ങള്‍ പങ്കുവെക്കുന്നതും ജീവിതത്തിന് പുതിയൊരു അര്‍ത്ഥം നല്‍കിയെന്ന് ഗ്വെന്‍ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web