സുഡാനിൽ രണ്ടാഴ്ചയായി തുടരുന്ന ആക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 61 മരണം

 
sudan

ആഭ്യന്തരയുദ്ധം തകർത്ത സുഡാനിൽ വീണ്ടും ആക്രമണങ്ങളും ഏറ്റുമുട്ടലുകളും ശക്തമാകുന്നു. ദക്ഷിണ സുഡാൻ അതിർത്തിയോട് ചേർന്നുള്ള സൗത്ത് കോർഡോഫാൻ മേഖലയിൽ രണ്ടാഴ്ചയായി തുടരുന്ന കടുത്ത ഏറ്റുമുട്ടലുകളിൽ ഒൻപത് കുട്ടികളടക്കം 61 പേർ കൊല്ലപ്പെട്ടതായി മെഡിക്കൽ സംഘടനയായ സുഡാൻ ഡോക്ടേഴ്സ് നെറ്റ്‌വർക്ക് ബുധനാഴ്ച അറിയിച്ചു.

സൗത്ത് കോർഡോഫാനിലെ കൗഡ നഗരത്തിൽ ഈ മാസം ആദ്യമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വിമത ഗ്രൂപ്പായ ‘സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ്-നോർത്തും’ പ്രാദേശിക ഗോത്രവർഗമായ ‘ഒട്ടോറോ’ വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. അബ്ദുൽ അസീസ് അൽ-ഹിലുവിന്റെ നേതൃത്വത്തിലുള്ള SPLM-N വിഭാഗം, സുഡാൻ സൈന്യത്തിനെതിരെ പോരാടുന്ന പാരാമിലിറ്ററി വിഭാഗമായ ‘റാപ്പിഡ് സപ്പോർട്ട് ഫോഴ്സുമായി’ കൈകോർത്താണ് പ്രവർത്തിക്കുന്നത്.


കൊല്ലപ്പെട്ടവരിൽ അഞ്ച് സ്ത്രീകളും ഒൻപത് കുട്ടികളും ഉൾപ്പെടുന്നുവെന്ന് അതിജീവിച്ചവരുടെ മൊഴികളെ ഉദ്ധരിച്ച് ഡോക്ടേഴ്സ് നെറ്റ്‌വർക്ക് വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളിൽ വിമതർ തീയിടുകയും കടകളും വീടുകളും കൊള്ളയടിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സാധാരണക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ മാറ്റാനോ മരുന്നും ഭക്ഷണവും എത്തിക്കാനോ സുരക്ഷിതമായ പാതകളില്ലാത്തത് സ്ഥിതി ഗുരുതരമാക്കുന്നു. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സംഘടനയുടെ വക്താവ് മുഹമ്മദ് അൽഷൈഖ് പറഞ്ഞു.

Tags

Share this story

From Around the Web