നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് 15 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി

പ്ലേറ്റോ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തെ ചക്‌ഫെം ജില്ലയില്‍ നടന്ന തീവ്ര ഇസ്ലാമിക നിലപാടുള്ള ഗോത്ര വിഭാഗം നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഫുലാനി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഏകദേശം മൂവായിരത്തോളം വിശ്വാസികള്‍ വീടുകള്‍ വിട്ട് പലായനം ചെയ്തുവെന്നും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ക്രൈസ്തവ മാധ്യമമായ 'പ്രീമിയര്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 18 തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ ടിം, കൊപ്പാങ്, മിഹിദിഹിന്‍, ജിബ്ലാങ്, ജിലേം, ജിബിന്‍, മാന്‍ഡന്‍ എന്നീ ഗ്രാമങ്ങളില്‍ അക്രമികള്‍ പ്രവേശിച്ചു നാശം വരുത്തുകയായിരിന്നു. വെടിവയ്ക്കുകയും വീടുകള്‍ കത്തിക്കുകയും കന്നുകാലികളെ കൊല്ലുകയും ചെയ്തായിരിന്നു അക്രമികളുടെ ക്രൂരത.
പിറ്റേന്ന് രാവിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയപ്പോള്‍ തെരുവുകളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തിരിന്നു.
ആക്രമണങ്ങളില്‍ ഭക്ഷണസാധനങ്ങളും മൃഗങ്ങളും നശിച്ചതിനെത്തുടര്‍ന്ന് യാതൊന്നും ഇല്ലാതെ പലായനം ചെയ്യേണ്ടി വന്നതായി കുടിയിറക്കപ്പെട്ട ക്രൈസ്തവര്‍ പറയുന്നു.
സുരക്ഷാസേന എത്താന്‍ വൈകിയതിനെ മവാഘവുള്‍ ഡെവലപ്മെന്റ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ബുലസ് ഡാബിറ്റ് അപലപിച്ചു. സുരക്ഷാസേന ചാക്‌ഫെമില്‍ എത്തിയപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നുവെന്നും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നുവെന്നും ബുലസ് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിനോട് പറഞ്ഞു
ഓപ്പണ്‍ ഡോര്‍സ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ കണക്കനുസരിച്ച്, ക്രൈസ്തവര്‍ക്ക് ജീവിക്കുന്നതിന് ലോകത്തില്‍ ഏറ്റവും അപകടകരമായ സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ.
ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നിയമപരമായ മതസ്വാതന്ത്ര്യം നൈജീരിയയിലുണ്ടെങ്കിലും, തുടര്‍ച്ചയായ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്നു നൈജീരിയയില്‍ ആയിരകണക്കിന് ക്രൈസ്തവരാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത്.
പതിനായിരകണക്കിന് ക്രൈസ്തവര്‍ക്ക് സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുമുണ്ട്.