അൾജീരിയയിൽ അനാഥാലയത്തിന് തീപിടിച്ച് കുട്ടികളടക്കം 11 പേർ മരിച്ചു
അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ മരിച്ചു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന് അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തെബൂൻ സ്ഥിരീകരിച്ചു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം 3:30 ഓടെയാണ് തലസ്ഥാനത്തിന്റെ കിഴക്കൻ പ്രാന്തപ്രദേശമായ മൊഹമ്മദിയയിലുള്ള സ്ഥാപനത്തിൽ തീപിടിത്തമുണ്ടായത്. മൂന്ന് മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. പത്ത് ഫയർ എഞ്ചിനുകളും 16 ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് സിവിൽ പ്രൊട്ടക്ഷൻ വിഭാഗം അറിയിച്ചു. പുലർച്ചെ കുട്ടികളുടെ നിലവിളി കേട്ടാണ് തങ്ങൾ ഉണർന്നതെന്നും ഉടനടി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായെങ്കിലും അപ്പോഴേക്കും 11 ജീവനുകൾ നഷ്ടപ്പെട്ടിരുന്നുവെന്നും പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്റ് അബ്ദുൽ മജീദ് തെബൂൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇതൊരു വലിയ ദുരന്തമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രധാനമന്ത്രി സിഫി ഗരീബ് പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
അൾജീരിയയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. ഇതിനെത്തുടർന്ന് രാജ്യം കടുത്ത കാട്ടുതീ ഭീഷണിയിലാണ്. കഴിഞ്ഞ ഒരു വാരത്തിനിടെ ആയിരത്തോളം കാട്ടുതീകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 115 ഇടങ്ങളിൽ കാട്ടുതീ ഉണ്ടായതായി സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഈ കാലാവസ്ഥാ വ്യതിയാനമാണോ അനാഥാലയത്തിലെ തീപിടിത്തത്തിന് കാരണമായതെന്നും അന്വേഷിക്കുന്നുണ്ട്