സുഡാനിലെ വടക്കന്‍ ദാര്‍ഫൂറില്‍ ഒരു മോസ്‌കിന് നേരെയുണ്ടായ ആക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് യൂണിസെഫ്

 
sudan

സുഡാന്‍:സുഡാനിലെ വടക്കന്‍ ദാര്‍ഫൂറില്‍ അല്‍ ഫാഷറിലുള്ള അബു ഷൂക്ക് അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു മോസ്‌കിന് നേരെ സെപ്റ്റംബര്‍ 19-നുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 11 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി യൂണിസെഫ് ഡയറക്ടര്‍ ജനറല്‍ കാതറിന്‍ റസ്സല്‍ അറിയിച്ചു. 


ഇവിടെ പ്രഭാതപ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന ആറുമുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 


ഡ്രോണ്‍ ഉപയോഗിച്ച് നടന്ന ആക്രമണത്തില്‍ മോസ്‌കിനും അതിന് സമീപത്തെ വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായും, നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റതായും പ്രാദേശിക റിപ്പോര്‍ട്ടുകളെ അധികരിച്ച് സെപ്റ്റംബര്‍ 22-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി വിശദീകരിച്ചു.

കഴിഞ്ഞ അഞ്ഞൂറ് ദിവസങ്ങളിലേറെയായി അല്‍ ഫാഷറിലെ കുട്ടികള്‍, രാജ്യത്തെ ദ്രുതകര്‍മ്മസേനയുടെ നിരന്തരമായ ഉപരോധത്തിന് കീഴിലാണെന്നും, അവര്‍ക്ക് ഭക്ഷണത്തിനോ കുടിവെള്ളത്തിനോ ആരോഗ്യ സംരക്ഷണത്തിനോ മതിയായ സൗകര്യങ്ങളില്ലെന്നും യൂണിസെഫ് ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസം ഇവിടെയുള്ള മോസ്‌കിന് നേരെ നടന്നത് ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമായ ആക്രമണമാണെന്ന് ശിശുക്ഷേമനിധി അദ്ധ്യക്ഷ കുറ്റപ്പെടുത്തി. 

കുട്ടികള്‍ കാണാന്‍ പാടില്ലാത്ത ക്രൂരരംഗങ്ങള്‍ക്കാണ് അവര്‍ സാക്ഷികളായതെന്നും, ഈ ആക്രമണം ഏറെ സഹനങ്ങളിലൂടെ കടന്നുപോയ ഈ കുട്ടികളുടെ സുരക്ഷിതത്വബോധം ഇല്ലാതാക്കുന്ന ഒന്നാണെന്നും റസ്സല്‍ എഴുതി.

എണ്ണായിരത്തി അഞ്ഞൂറോളം അഭയാര്‍ത്ഥികള്‍ക്കും ആശുപത്രിയിലെ രോഗികള്‍ക്കുമായി കുടിവെള്ളം കൊണ്ടുപോവുകയായിരുന്നു ഒരു ടാങ്കര്‍ ലോറിക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായെന്ന് യൂണിസെഫ് അറിയിച്ചു. 

യൂണിസെഫിന്റെ പിന്തുണയോടെ അവശ്യസാധനങ്ങള്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ക്കുനേരെ ഇത് മൂന്നാം തവണയാണ് ആക്രമണമുണ്ടായതെന്ന് ശിശുക്ഷേമനിധി വ്യക്തമാക്കി. 

ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പ്രദേശത്ത് മാനവികസഹായപ്രവര്‍ത്തനങ്ങളിലും ജീവന്‍രക്ഷാമേഖലകളിലും ഏര്‍പ്പെട്ടിരിക്കുന്നവരുടെ ജീവന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുകയും രോഗങ്ങള്‍ വര്‍ദ്ധിച്ചുവരികയും ചെയ്യുന്ന അവസരത്തില്‍ ഇതുപോലെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്നത്, ശുദ്ധജലലഭ്യതയ്ക്കുള്ള സാധ്യതകളെത്തന്നെയാണ് ഇല്ലാതാക്കുന്നതെന്നും, പലരും സുരക്ഷിതമല്ലാത്ത ജലസ്രോതസ്സുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും ഓര്‍മ്മിപ്പിച്ച ശിശുക്ഷേമനിധി, ഇത്, കുട്ടികളെ മാരകമായ ജലജന്യരോഗങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി.

അന്താരാഷ്ട്രമാനവികനിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട വീടുകളും സ്‌കൂളുകളും ആരാധനാലയങ്ങളും ആക്രമണലക്ഷ്യങ്ങളായി മാറുകയാണെന്ന് ഓര്‍മ്മിപ്പിച്ച യൂണിസെഫ്, കുട്ടികള്‍, അവര്‍ കാരണക്കാരല്ലാത്തതും, അവര്‍ക്ക് നിയന്ത്രിക്കാനാകാത്തതുമായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുകയും അംഗഭംഗത്തിന്  ഇരകളാകുകയും മാനസീകമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത് ഭീതികരമാണെന്ന് പ്രസ്താവിച്ചു.

കുട്ടികള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച യൂണിസെഫ്, ഓരോ കുട്ടിക്കും സുരക്ഷിതമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും, തങ്ങള്‍ അല്‍ ഫാഷറിലെയും സുഡാനിലെയും കുട്ടികള്‍ക്കൊപ്പമാണെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
 

Tags

Share this story

From Around the Web