മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ട ഡോക്ടറെ മര്‍ദിച്ച സംഭവം; മൂന്ന് ഓട്ടോ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഒരാളുടെ 30 ദിവസത്തേക്കും, രണ്ടുപേരുടെ ലൈസന്‍സുകള്‍ 15 ദിവസത്തേക്കും
തൃശൂര്‍: ചാലക്കുടിയില്‍ ഓട്ടോറിക്ഷയിലെ മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ട ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവര്‍മാരായ രഘു, ബെന്നി, രാംദാസ് എന്നിവരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.
രഘുവിന്റെ ലൈസന്‍സ് 30 ദിവസത്തേക്കും, ബെന്നി, രാംദാസ് എന്നിവരുടെ ലൈസന്‍സുകള്‍ 15 ദിവസത്തേക്കുമാണ് സസ്പെന്‍ഡ് ചെയ്തത്. കൂടാതെ മൂവരും നിര്‍ബന്ധമായും റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആഗസ്റ്റ് 19ന് ഉച്ചയ്ക്ക് 2.15ഓടെയാണ് സംഭവം. ജോലി ആവശ്യത്തിനായി ചാലക്കുടിയിലെത്തിയ ഡോ. ധനേഷ് കലാഭവന്‍ മണി സ്റ്റാന്‍ഡില്‍ നിന്ന് ഇലക്ട്രിക് ഓട്ടോയില്‍ കയറുകയായിരുന്നു. യാത്രയുടെ തുടക്കത്തില്‍ മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ തയ്യാറായില്ല.
ധനേഷ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ മീറ്റര്‍ ഇട്ടെങ്കിലും, നിശ്ചിത നിരക്കിലും കൂടുതല്‍ തുക വേണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഡ്രൈവര്‍ ഓട്ടോ തിരികെ സ്റ്റാന്‍ഡിലേക്ക് തന്നെ കൊണ്ടുപോയി മറ്റ് തൊഴിലാളികളെക്കൂടി വിളിച്ചുകൂട്ടി ധനേഷിനെ മര്‍ദിക്കുകയായിരുന്നു.