കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസ്; യുവനടി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളി, ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ സിനിമാ താരം ഉള്‍പ്പെടെ മൂന്നുപേരായിരുന്നു പിടിയിലായിരുന്നത്
കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. യുവനടി അടക്കമുള്ള മൂന്നുപേരുടെ അപേക്ഷയാണ് തള്ളിയത്. നടി, സുഹൃത്ത് ബിബിന്‍ പെരുമ്പില്ലി, സഹായി വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ സിനിമാ താരം ഉള്‍പ്പെടെ മൂന്നുപേരായിരുന്നു പിടിയിലായിരുന്നത്. രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നായിരുന്നു പരാതി. ഡോക്ടറുടെ മൊബൈല്‍ ഫോണുകളും വാച്ചും സംഘം കവര്‍ന്നുവെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് നടി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
12 പേരടങ്ങുന്ന സംഘം തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാര്‍ നേരിട്ടെത്തി പരാതി നല്‍കിയത്. നടിയും ഇവരുടെ സുഹൃത്തുക്കളായ കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.
നടിയെ കൂടാതെ ജിതിന്‍, വിഷ്ണു എന്നിവരാണ് പൊലീസിന്റെ പിടിയിലായ മറ്റ് രണ്ടുപേര്‍. യുവനടിയുടെ കുടുംബ ഡോക്ടറായിരുന്നു മര്‍ദനമേറ്റയാളെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഡോ.ജോണ്‍സണ്‍ കെ.വര്‍ഗീസിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ട ഡോക്ടര്‍ ജോണ്‍സണ്‍ കെ. വര്‍ഗീസ്, ബലാത്സംഗക്കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയിരുന്നു.
ഇയാളുടേതായി പൊലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ സ്ത്രീകളുടേതായി 40 ലധികം സ്വകാര്യ വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ഉപകരണങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് നടത്തിവരികയാണ്.