നിങ്ങളുടെ ദൈവവിളിയെക്കുറിച്ച് ദൈവത്തോട് തന്നെ ചോദിക്കുക': പോര്‍ച്ചുഗലിലെ യുവാക്കളോട് ലെയോ പാപ്പ
പോര്‍ച്ചുഗലില്‍ നിന്നുള്ള യുവാക്കള്‍ക്ക് ശക്തമായ സന്ദേശവും ആഹ്വാനവുമായി ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ. സ്വന്തം ജീവിതത്തിന്റെ ലക്ഷ്യവും ദൈവവിളിയും എന്താണെന്ന് തിരിച്ചറിയാന്‍ ദൈവത്തോട് നേരിട്ട് പ്രാര്‍ത്ഥനയിലൂടെ ചോദിക്കാന്‍ മാര്‍പ്പാപ്പ യുവാക്കളോട് ആവശ്യപ്പെട്ടു.
ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെ ലമേഗോ നഗരത്തില്‍ ജൂലൈ 24 മുതല്‍ 26 വരെ നടക്കുന്ന 'രണ്ടാം റീജോയ്‌സ് മീറ്റിംഗിലേക്ക്' അയച്ച വീഡിയോ സന്ദേശത്തില്‍ ആണ് പാപ്പാ യുവജനകളോട് ഇക്കാര്യം ആഹ്വാനം ചെയ്തത്.
''ജീവിതത്തില്‍ ഏത് വഴിയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് സംശയമുള്ളപ്പോള്‍, മറ്റുള്ളവരുടെ ശബ്ദത്തേക്കാള്‍ ദൈവത്തിന്റെ ശബ്ദത്തിന് കാതോര്‍ക്കുക.
ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങയുടെ പദ്ധതി എന്താണ്? എന്ന് പ്രാര്‍ത്ഥനയില്‍ ചോദിക്കുക''- പാപ്പാ ആഹ്വാനം ചെയ്തു.
2027 ഓഗസ്റ്റില്‍ ദക്ഷിണ കൊറിയയിലെ സോള്‍ നഗരത്തില്‍ വെച്ച് നടക്കുന്ന അടുത്ത ലോക യുവജന ദിനത്തില്‍ പോര്‍ച്ചുഗലിലെ യുവാക്കളെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നതായും മാര്‍പ്പാപ്പ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.
''നമ്മുടെ കാലഘട്ടത്തില്‍, നിങ്ങളെപ്പോലുള്ള യുവാക്കള്‍വിശ്വാസം നിറഞ്ഞവരായി, അത് പ്രഘോഷിക്കാന്‍ ഭയമില്ലാതെ ജീവിക്കുന്നത് കാണുന്നത് വളരെ മനോഹരമാണ്! സത്യത്തിനുവേണ്ടിയുള്ള ആഴമായ ദാഹം നിങ്ങള്‍ക്കുണ്ടെന്നതും, ആത്മാര്‍ത്ഥമായ ഹൃദയത്തോടെ നിങ്ങള്‍ അത് അന്വേഷിക്കുന്നു എന്നതും കാണുന്നത് മനോഹരമായ ഒരു കാര്യമാണ്.
അസ്വസ്ഥത എന്നത് യുവാക്കളുടെ സവിശേഷതകളില്‍ ഒന്നാണ്. നിങ്ങളുടെ ഉള്ളിലെ ആ അസ്വസ്ഥതയെ ഓര്‍ത്ത് ഭയപ്പെടേണ്ടതില്ല! ആ ഊര്‍ജ്ജത്തെ ക്രിസ്തുവിലേക്ക് കൂടുതല്‍ അടുക്കാനും സുവിശേഷ മൂല്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും പ്രയോജനപ്പെടുത്തുക''- പാപ്പാ കൂട്ടിച്ചേര്‍ത്തു.