'ഏഷ്യയുടെ നൊബേല്‍ സമ്മാനം' ഫിലിപ്പീന്‍സിലെ കത്തോലിക്ക വൈദികന്

മനില: മനുഷ്യാവകാശ സംരക്ഷണത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പിനോ വൈദികനായ ഫാ. ഫ്‌ലാവിയാനോ അന്റോണിയോ എല്‍. വില്ലാനുവേവയ്ക്ക് 2025-ലെ റാമോണ്‍ മാഗ്സസെ പുരസ്‌കാരം. 1958 മുതല്‍ നല്‍കിവരുന്ന റാമോണ്‍ മാഗ്സസെ പുരസ്‌കാരം ഏഷ്യന്‍ നൊബേല്‍ സമ്മാനമായാണ് അറിയപ്പെടുന്നത്.
ഏഷ്യയിലെ നേതാക്കളെയും സംഘടനകളെയും ആദരിക്കുക എന്നതാണ് റാമോണ്‍ മാഗ്സസെ അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്നിനെതിരായ യുദ്ധത്തിനിടെ ഇരകളായ വിധവകളുടെയും അനാഥരുടെയും എണ്ണമറ്റ ഭവനരഹിതരുടെയും പേരില്‍ ബഹുമതി സ്വീകരിക്കുകയാണെന്നു അദ്ദേഹം പ്രതികരിച്ചു.
മയക്കുമരുന്നിനെതിരായി മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെയുടെ കാലയളവില്‍ രാജ്യത്തു പുറപ്പെട്ട യുദ്ധത്തില്‍ മുപ്പതിനായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്.
റോഡ്രിഗോയുടെ നയങ്ങളുടെ ഏറ്റവും കടുത്ത വിമര്‍ശകരില്‍ ഒരാളായിരിന്നു സൊസൈറ്റി ഓഫ് ദി ഡിവൈന്‍ വേഡ് (എസ്വിഡി) സന്യാസ സമൂഹാംഗമായ ഫാ. വില്ലാനുവേവ. ബാല്യത്തില്‍ മയക്കുമരുന്ന് അടിമയായിരിന്ന അദ്ദേഹം ആഴത്തിലുള്ള മാനസാന്തരത്തിനുശേഷം മിഷ്ണറിയായി മാറുകയായിരിന്നു.
1998-ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 2006-ല്‍ വൈദികനായി അഭിഷിക്തനായി. 2015-ല്‍, ഭവനരഹിതര്‍ക്ക് മാന്യമായ പരിചരണവും സേവനവും നല്‍കുന്നതിനായി അദ്ദേഹം രാജ്യതലസ്ഥാനമായ മനിലയില്‍ ആര്‍നോള്‍ഡ് ജാന്‍സെന്‍ കലിംഗ സെന്റര്‍ എന്ന പേരില്‍ ഒരു കേന്ദ്രം സ്ഥാപിച്ചിരിന്നു.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഉള്‍പ്പെടെയുള്ള സഹായം ഫാ. ഫ്‌ലാവിയാനോയുടെ നേതൃത്വത്തില്‍ ഇവിടെ ലഭ്യമാക്കുന്നുണ്ട്. സമൂഹത്തില്‍ വേദനയനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഫാ. ഫ്‌ലാവിയാനോ അന്റോണിയോയ്ക്കു ലഭിച്ച പുരസ്‌ക്കാരത്തില്‍ വിശ്വാസികള്‍ സന്തോഷം പ്രകടിപ്പിച്ചു.