ഭൂതോച്ചാടന ശുശ്രൂഷയ്ക്ക് വൈദികരെ ഒരുക്കാന്‍ ഏഷ്യയിലെ പ്രഥമ പരിശീലന കേന്ദ്രം ഫിലിപ്പീന്‍സില്‍
മനില: കത്തോലിക്ക സഭയിലെ ഭൂതോച്ചാടന ശുശ്രൂഷ ചെയ്യുവാന്‍ വൈദികരെ രൂപപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഫിലിപ്പീന്‍സില്‍ സ്ഥാപിതമായ സെന്റര്‍ ശ്രദ്ധ നേടുന്നു. ഇത്തരത്തിലുള്ള ഏഷ്യയില്‍ തന്നെ ആദ്യത്തെ പ്രത്യേക കേന്ദ്രമെന്നാണ് മെട്രോ മനിലയില്‍ സ്ഥിതി ചെയ്യുന്ന 'മൈക്കിള്‍ സെന്റര്‍ ഫോര്‍ സ്പിരിച്വല്‍ ലിബറേഷന്‍ ആന്‍ഡ് എക്‌സോര്‍സിസം' അറിയപ്പെടുന്നത്. മനില അതിരൂപതയ്ക്കു വേണ്ടി ഭൂതോച്ചാടന ശുശ്രൂഷ ചെയ്യുന്ന വൈദികനായ ഫാ. ജോസ് ഫ്രാന്‍സിസ്‌കോ സിക്കിയയുടെ നേതൃത്വത്തിലാണ് മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള സെന്റര്‍ ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ സ്ഥാപിക്കപ്പെട്ടത്.
പൈശാചിക നിറഞ്ഞ ദുരാത്മാക്കളെ പുറത്താക്കുന്ന ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികര്‍ക്കുള്ള പരിശീലനത്തിനായി ഒരു സ്ഥിരം സംവിധാനം ഒരുക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ആത്മീയ സഹായം തേടിയുള്ള അഭ്യര്‍ത്ഥനകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ കേന്ദ്രം ആരംഭിച്ചതെന്ന് ഫാ. സിക്വിയ വ്യക്തമാക്കി. സഭയ്ക്കുള്ളിലെ അപൂര്‍വ്വവും സവിശേഷവുമായ ഒരു ശുശ്രൂഷാ മേഖലയാണ് 'എക്‌സോര്‍സിസം' അഥവാ ഭൂതോച്ചാടനമെന്നും വിശ്വാസത്തിന്റെയും ശരിയായ വൈദ്യശാസ്ത്രത്തിന്റെയും പ്രാധാന്യം തിരിച്ചറിയുന്ന സഭ, കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ ആത്മീയവും മനഃശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും ഫാ. സിക്വിയ പറഞ്ഞു.
ഒരു വ്യക്തി അസാധാരണമായ ആത്മീയ പീഡനത്തിന് വിധേയനാണോയെന്ന് നിര്‍ണ്ണയിക്കുന്നതിന് മുന്‍പ്, വൈദ്യശാസ്ത്ര - മാനസികാരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ചുകൊണ്ട് വിവേകത്തോടും ഉത്തരവാദിത്തത്തോടും കൂടി പ്രവര്‍ത്തിക്കണമെന്ന് സഭ അനുശാസിക്കുന്നുണ്ട്. മനഃശാസ്ത്രപരവും വൈദ്യശാസ്ത്രപരവും ആത്മീയവുമായ പ്രശ്‌നങ്ങള്‍ തമ്മിലുള്ള വ്യത്യാസം കൃത്യമായി തിരിച്ചറിയുന്നതിനാണ് പരിശീലനത്തില്‍ ആദ്യ മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, കംബോഡിയ തുടങ്ങിയ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വൈദികര്‍ ഈ കേന്ദ്രത്തില്‍ പരിശീലനം നേടുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 23-ന് കര്‍ദ്ദിനാള്‍ ജോസ് അഡ്വിന്‍കുലയാണ് സെന്റര്‍ വെഞ്ചിരിച്ചത്.