വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കണമെന്നും  ഏഷ്യന്‍ മെത്രാന്മാര്‍

 
ASIAN METHRAN



ബാങ്കോക്ക്: പശ്ചിമേഷ്യയില്‍ പടരുന്ന സംഘര്‍ഷങ്ങളിലും യുദ്ധസാഹചര്യങ്ങളിലും അതീവ ആശങ്ക രേഖപ്പെടുത്തി ഏഷ്യന്‍ ബിഷപ്പുമാര്‍. ബാങ്കോക്കില്‍ ചേര്‍ന്ന ഏഷ്യന്‍ മെത്രാന്മാരുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗത്തിലാണ് സമാധാനത്തിനായി സഭ അടിയന്തര ആഹ്വാനം നടത്തിയത്.

ലിയോ പതിനാലാമന്‍ പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ച് ലോകമെങ്ങും വേദനയും മരണവും വിതയ്ക്കുന്ന  ആയുധങ്ങളിലൂടെയല്ല സമാധാനം സ്ഥാപിക്കാന്‍ സാധിക്കുകയെന്ന് സഭാനേതൃത്വം ഓര്‍മ്മിപ്പിച്ചു.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം മേഖലയെയാകെ തകര്‍ക്കുന്ന രീതിയിലേക്ക്  മാറുന്നതില്‍ ബിഷപ്പുമാര്‍ ഉത്കണ്ഠ രേഖപ്പെടുത്തി. 

എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കണമെന്നും മെത്രാന്‍സംഘം  ആവശ്യപ്പെട്ടു. 

അതോടൊപ്പം യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അടിയന്തര സഹായം ലഭ്യമാക്കുകയും വേണം. ഏഷ്യയില്‍ വിവിധ മതങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യം പരാമര്‍ശിച്ച്, വിവിധ ജനതകള്‍ക്കിടയില്‍ നിലനില്‍ക്കേണ്ട നീതിയുടെയും വിശ്വാസത്തിന്റെയും പ്രാധാന്യം മെത്രാന്‍സമിതികളുടെ കേന്ദ്രകമ്മിറ്റി എടുത്തുപറഞ്ഞു.

ഏഷ്യയിലുടനീളമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ ഈ  നോമ്പുകാലത്തില്‍, സമാധാനത്തിനും, ഐക്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനും  വിശ്വാസിസമൂഹത്തോട് സഭാനേതൃത്വം ആഹ്വാനം ചെയ്തു

Tags

Share this story

From Around the Web