പാരിസ്ഥിതിക പരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത് ഏഷ്യന്‍, ആഫ്രിക്കന്‍, തെക്കേ അമേരിക്കന്‍ മെത്രാന്‍സമിതികള്‍

 
asia africa


വത്തിക്കാന്‍സിറ്റി: ലോകമെങ്ങും പാരിസ്ഥിതക പരിവര്‍ത്തനത്തിനും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട നീതിക്കും ആഹ്വാനം ചെയ്ത് ഏഷ്യ, ആഫ്രിക്ക, മധ്യ, തെക്കേ അമേരിക്കകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രാദേശികമെത്രാന്‍സമിതി നേതൃത്വങ്ങളും, ലാറ്റിനമേരിക്കയ്ക്ക് വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷനും ഒന്നുചേര്‍ന്ന് ഒരു രേഖ പുറത്തിറക്കി.

 2025 നവംബര്‍ മാസത്തില്‍ ബ്രസീലില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ കോപ്30 (ഇഛജ30) സമ്മേളനത്തിന്റെ വെളിച്ചത്തിലാണ് വിവിധ പ്രാദേശികസഭാനേതൃത്വങ്ങള്‍ റോമില്‍ ഒരുമിച്ച് കൂടി പരിസ്ഥിതികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയത്.

 ഒരു പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ട ഈ രേഖയില്‍, കാലാവസ്ഥയുമായി ബന്ധപ്പെട്ട നീതിക്കും നമ്മള്‍ ജീവിക്കുന്ന ഭൂമിക്കും വേണ്ടി വിവിധ മെത്രാന്‍സമിതികളുടെ പ്രതിനിധികള്‍ ശബ്ദമുയര്‍ത്തി. പത്രസമ്മേളനതിന് മുന്‍പായി മെത്രാന്മാര്‍ ലിയോ പതിനാലാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഈ രേഖ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

കാലാവസ്ഥാപരമായ നീതിക്കായുള്ള സഭയുടെ ശ്രമങ്ങള്‍ വ്യക്തമാക്കുന്ന ഈ രേഖ, ഫ്രാന്‍സിസ് പാപ്പായുടെ ലൗദാത്തോ സി ഉള്‍പ്പെടെയുള്ള രേഖകളിലും, സമഗ്രപരിസ്ഥിതിവ്യവസ്ഥ സംരക്ഷിച്ച് പ്രോത്സാഹിപ്പിക്കാനുള്ള പാപ്പായുടെ ആഹ്വാനത്തിലും നിന്ന് പ്രേരിതമായി പ്രവര്‍ത്തിക്കാന്‍ രാജ്യങ്ങളെയും സര്‍ക്കാരുകളെയും ക്ഷണിച്ചു.

ഏഷ്യന്‍ മെത്രാന്‍മാരുടെ സംയുക്തസമിതി പ്രെസിഡന്റും ഗോവ ഡമാവോ ആര്‍ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഫിലിപ് നേരി ഫെറാവോ, ബ്രസീല്‍ മെത്രാന്‍സമിതിയുടെയും, ലാറ്റിനമേരിക്കന്‍, കരീബിയന്‍ സംയുക്ത മെത്രാന്‍സമിതികളുടെ പ്രെസിഡന്റുമായ കര്‍ദ്ദിനാള്‍ ഹൈമേ സ്പെന്‍ഗ്ലെര്‍, കിന്‍ഷാസ ആര്‍ച്ബിഷപ്പും, ആഫ്രിക്ക, മഡഗാസ്‌കര്‍ മെത്രാന്‍ കൂട്ടായ്മയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ഫ്രിഡോലീന്‍ അമ്പൊങ്ങോ, ലാറ്റിനമേരിക്കയ്ക്കായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ പ്രസിഡന്റ എംലീസ് കൂദ എന്നിവര്‍ ചേര്‍ന്നാണ് കാലാവസ്ഥാപ്രതിസന്ധികള്‍ക്ക് പരിഹാരം തേടിയുള്ള ഈ രേഖ പൊതുസമൂഹത്തിന് മുന്നില്‍ സമര്‍പ്പിച്ചത്.

കാലാവസ്ഥാപ്രതിസന്ധികള്‍ മൂലം ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ മേഖലകളില്‍ ജനങ്ങള്‍ കഷ്ടപ്പെടുന്നതും, ലോകത്ത് വിവിധയിടങ്ങളിലായി നടന്നുവരുന്ന സായുധസംഘര്‍ഷങ്ങളും യുദ്ധങ്ങളും സംബന്ധിച്ചും വിവിധ മെത്രാന്‍സമിതികളുടെ പ്രതിനിധികള്‍ പരാമര്‍ശിച്ചു.
 

Tags

Share this story

From Around the Web