അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; മോട്ടോര്‍ വാഹനവകുപ്പിന് റിപ്പോര്‍ട്ട് കൈമാറാന്‍ പോലീസ്
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ പിടിയിലായ യുട്യൂബര്‍ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് കൈമാറുമെന്ന് നടക്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജംഷീദ് മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചു. കേസില്‍ തുടര്‍നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അശ്വന്ത് കോക്കിന്റെ ഥാര്‍ എസ്.യു.വിയില്‍നിന്ന് എയര്‍ഗണ്ണും പെല്ലറ്റുകളും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് നടക്കാവ് പോലീസ് ഇവ കണ്ടെത്തിയത്. മദ്യക്കുപ്പികളും വാഹനത്തില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് അപകടകരമായി വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ സിനിമാ വ്‌ലോഗറായ അശ്വന്ത് കോക്കിനെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകീട്ട് 7.30-ഓടെയായിരുന്നു സംഭവം.
ഇയാള്‍ ഓടിച്ച ഥാര്‍ എസ്.യു.വി എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍വെച്ച് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഒരു കാറിലും നാല് ബൈക്കിലും കെ.എസ്.ഇ.ബി. ട്രാന്‍സ്‌ഫോര്‍മറിലുമാണ് ഇടിച്ചത്.
സംഭവത്തില്‍ വാഹനങ്ങളുടെ ഉടമകളും പ്രദേശവാസികളും ചേര്‍ന്ന് കോക്കിനെ തടഞ്ഞുവെച്ചു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍, പോലീസിനോടും ഇയാള്‍ തട്ടിക്കയറി.
സംഭവവുമായി ബന്ധപ്പെട്ട് വിവിധ വാഹന ഉടമകളുടെ പരാതികളില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.