അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലിലേക്ക്; അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യം, എതിര്‍ശബ്ദങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് അഭിജീത് ദീപ്‌കെ
 

 
ashuthosh


 


ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ അതിക്രമിച്ചുകടന്ന കേസില്‍ അറസ്റ്റിലായ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

അതിക്രമിച്ചു കടക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍, സമാധാന ഉടമ്പടി ലംഘിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ഡല്‍ഹി മന്ദിര്‍ മാര്‍ഗിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ മൂന്ന് നേതാക്കളെയും ഹാജരാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍മന്തറിലെ ബാരിക്കേഡുകള്‍ ചാടിക്കടന്നതിനാണ് സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവരെ ചൊവ്വാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ അജിങ്ക്യ ഷിന്‍ഡെക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. ആദ്യമായി കസ്റ്റഡിയിലായതിനാലാണ് അജിങ്ക്യ ഷിന്‍ഡെക്ക് ജാമ്യം ലഭിച്ചതെന്നാണ് വിവരം.


മുന്‍പൊരു സംഭവുമായി ബന്ധപ്പെട്ട് 50,000 രൂപയുടെ ബോണ്ടും ഒരു വര്‍ഷത്തേക്ക് സമാധാനാന്തരീക്ഷം തകര്‍ക്കില്ലെന്ന ഉറപ്പിലും ഇവര്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍, ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) സെക്ഷന്‍ 163 ലംഘിച്ചുകൊണ്ട് ഇവര്‍ വീണ്ടും നിയമലംഘനം നടത്തിയതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. 

ബോണ്ട് വ്യവസ്ഥകള്‍ ലംഘിച്ച ആവര്‍ത്തിച്ചുള്ള കുറ്റക്കാരായാണ് കോടതി ഇവരെ പരിഗണിച്ചിരിക്കുന്നത്. അതേസമയം എതിര്‍ശബ്ദങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപകെ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. വിയോജിപ്പുകളെ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

Tags

Share this story

From Around the Web