ആശാലത ആത്മഹത്യ ചെയ്തത് സ്ഥലംമാറ്റത്തെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം മൂലമല്ല; എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്
കാസര്‍ഗോഡ്: കാസര്‍ഗോഡ് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യയില്‍ എ ഡി എമിന്റെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായി.
സ്ഥലം മാറ്റത്തെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദം മൂലമല്ല ആത്മഹത്യ എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കളക്ടര്‍ക്ക് നല്‍കുന്ന റിപ്പോര്‍ട്ട് പിന്നീട് റവന്യൂ കമ്മിഷണര്‍ക്ക് കൈമാറും.
ആശാലത ജീവനൊടുക്കാന്‍ ഇടയാക്കിയത് സ്ഥലം മാറ്റത്തെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം മൂലമാണെന്ന പ്രതിപക്ഷ നേതാവിന്റെയുള്‍പ്പെടെ ആരോപണങ്ങളുടെ മുനയൊടിക്കുന്ന വിവരങ്ങള്‍ ആണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്.
ഇവര്‍ നേരത്തെ നിരാശയില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് സൂചന. ഐസ്‌ക്രീമില്‍ എലി വിഷം കലര്‍ത്തി കഴിച്ചു അവശ നിലയില്‍ ആയ ആശാലത ചികിത്സക്കിടെ ഓഗസ്റ്റ് 9നാണ് മരണത്തിന് കീഴടങ്ങിയത്.
സംസ്ഥാനത്തെ ഭരണ മാറ്റത്തിനു പിന്നാലെ രാഷ്ട്രീയം നോക്കി സ്ഥലം മാറ്റുന്നുവെന്നും അതിന്റെ ഇരയാണ് ആശാലത എന്നുമായിരുന്നു പിന്നീട് ഉയര്‍ന്നു വന്ന ആരോപണം. കുടുംബവും വിശദ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് എ ഡി എമ്മിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. നേരത്തെ ആശാലത ചികിത്സയില്‍ കഴിയവേ പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടു എന്ന് തോന്നിയതിനാലും അത് മൂലമുള്ള മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നതായും മൊഴിയില്‍ ഉണ്ട്.
ആര്‍ക്കെതിരെയും പരാതിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം മരിക്കാന്‍ തീരുമാനിച്ചതാണെന്നും മൊഴിയില്‍ ഉണ്ട്. നിലവില്‍ എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറിയ ശേഷം റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.