ലഹരിക്കെതിരെ 'തൂഫാനും' 'തണ്ടറും' പിടിമുറുക്കിയതോടെ യുവതികളെയും പെൺകുട്ടികളെയും മയക്കുമരുന്ന് കടത്തിലും ഉപയോഗത്തിലും പെടുത്താനുള്ള ശ്രമങ്ങളും ഊർജിതം
കോട്ടയം: ലഹരിക്കെതിരെ 'തൂഫാനും' 'തണ്ടറും' പിടിമുറുക്കിയതോടെ മനഃപൂർവമായി യുവതികളെയും പെൺകുട്ടികളെയും മയക്കുമരുന്ന് കടത്തിലും ഉപയോഗത്തിലും പെടുത്താനുള്ള ലഹരിസംഘങ്ങളുടെ ശ്രമങ്ങളും ഊർജിതം.
ശരീരത്തിനുള്ളിൽ ഒളിപ്പിക്കാൻ എളുപ്പമാണ് എന്നതിനാൽ മയക്കുമരുന്ന് കടത്തിന് സ്ത്രീകൾ കൂടുതൽ 'സേഫ്' ആയാണ് കണക്കാക്കുന്നത്.
പ്രണയത്തിലൂടെയും മറ്റുമാണ് ഇവർ യുവതികളെ മയക്കുമരുന്ന് കടത്തിലേക്ക് എത്തിക്കുന്നത്. ഒരിക്കൽ പെട്ടുപോയാൽ പിന്നെ രക്ഷപ്പെടാൻ പാടാണ്.
കടത്തുകാരായ യുവതികളെ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും നിർബന്ധിച്ച് അത് ചെയ്യിക്കുകയും ചെയ്യുന്നു. അതിനാൽത്തന്നെ ഒരിക്കൽ സംഘത്തിന്റെ വലയിലായാൽ പിന്നെ രക്ഷപ്പെടുക അസാധ്യമാണ്.
പ്രണയബന്ധങ്ങളും വ്യാജ സൗഹൃദങ്ങളും സ്ഥാപിച്ചാണ് ലഹരിസംഘങ്ങൾ പെൺകുട്ടികളെ ആദ്യഘട്ടത്തിൽ അടുപ്പിക്കുന്നത്. തുടർന്ന് സാമ്പത്തിക വാഗ്ദാനങ്ങളും ആഡംബര ജീവിതവും കാണിച്ച് ഇവരെ ലഹരിക്കടത്തിന്റെ ഭാഗമാക്കുന്നു.
ഒരിക്കൽ ഈ കെണിയിൽ വീണുപോയാൽ പിന്നീട് ഇവർക്ക് തിരികെ വരാൻ കഴിയാത്ത വിധം സംഘങ്ങൾ കാര്യങ്ങൾ വരുതിയിലാക്കും.
'തൂഫാൻ' നിരീക്ഷണം ശക്തമായതോടെ ലഹരിക്കടത്തിന് സ്ത്രീകളെ ഉപയോഗിക്കുന്ന സംഭവങ്ങൾ ഏറിയിട്ടുണ്ടെന്ന് പോലീസും സമ്മതിക്കുന്നുണ്ട്. ലഹരി മാഫിയയുടെ പുതിയ രീതികളെക്കുറിച്ച് ജനങ്ങളും രക്ഷിതാക്കളും ജാഗ്രത പുലർത്തേണ്ടതുണ്ട്.