ലോക യുവജന സംഗമം കൊറിയൻ മണ്ണിൽ നടക്കാനിരിക്കെ വിഭജനത്തിന്റെയും യുദ്ധത്തിന്റെയും അടയാളങ്ങളെ സ്നേഹത്തിന്റെ പ്രതീകങ്ങളാക്കി മാറ്റുകയാണ് സിയൂൾ അതിരൂപത
ലോക യുവജന സംഗമം (WYD 2027) കൊറിയൻ മണ്ണിൽ നടക്കാനിരിക്കെ വിഭജനത്തിന്റെയും യുദ്ധത്തിന്റെയും അടയാളങ്ങളെ സ്നേഹത്തിന്റെ പ്രതീകങ്ങളാക്കി മാറ്റുകയാണ് സിയൂൾ അതിരൂപത.
ഇരു കൊറിയകൾക്കും ഇടയിലുള്ള സൈനിക വിമുക്ത മേഖലയിൽ നിന്നും ശേഖരിച്ച മുള്ളുവേലികൾ തല്ലിപ്പഴുപ്പിച്ച് കുരിശുണ്ടാക്കുന്ന ‘ബാർബ്ഡ് വയർ ക്രോസ് പ്രോജക്റ്റ്’ ശ്രദ്ധേയമാകുന്നു.
സിയോളിലെ മ്യോങ്‌ഡോങ് കത്തീഡ്രൽ അങ്കണത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഈ സമാധാന യജ്ഞം നടക്കുന്നത്. ഏകദേശം 50 സെന്റീമീറ്റർ നീളമുള്ള മുള്ളുവേലി കഷ്ണങ്ങൾ ചുറ്റിക ഉപയോഗിച്ച് അടിച്ചു നിവർത്തി അഞ്ച് മീറ്റർ ഉയരമുള്ള വലിയൊരു കുരിശിന്റെ ഭാഗമാക്കുന്നു. സഭയിലെ യുവാക്കളും വൈദികരും വിവിധ തുറകളിലുള്ളവരും ഇതിൽ പങ്കാളികളാകുന്നു. സിയോൾ ആർച്ച് ബിഷപ്പ് പീറ്റർ സൂൺ – തായിക് ചുങ് ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
”കുരിശ് യേശുക്രിസ്തുവിലൂടെ എങ്ങനെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായോ, അതുപോലെ കൊറിയൻ ഉപദ്വീപിലെ വിഭജനത്തിന്റെ ഈ മുള്ളുവേലികളും സമാധാനത്തിന്റെ അടയാളമായി മാറട്ടെ,” എന്ന് അദ്ദേഹം ആശംസിച്ചു.
കുരിശിന്റെ നിർമ്മാണ വേളയിൽ ഇതിൽ പങ്കാളികളായവർ തങ്ങളുടെ ജീവിതത്തിലെ മുറിവുകളെക്കുറിച്ചും കൊറിയൻ ഐക്യത്തെക്കുറിച്ചും ധ്യാനിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.
കൊറിയൻ ജനതയുടെ വിഭജനത്തിന്റെ വേദന മാറ്റാനും സാമൂഹിക ഒരുമ കൈവരിക്കാനും ലക്ഷ്യമിടുന്ന ഈ വേറിട്ട പരിശ്രമം ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയൊരു സന്ദേശമാണ് നൽകുന്നത്.