മുഖ്യമന്ത്രി ചർച്ച അന്തിമ ഘട്ടത്തിലേക്ക് എത്തിയതോടെ മന്ത്രിസ്ഥാനത്തിന് വേണ്ടി അടി തുടങ്ങി ഘടക കക്ഷികൾ. രണ്ടു മന്ത്രിസ്ഥാനമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നു കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്
കോട്ടയം: മുഖ്യമന്ത്രി ചർച്ച അന്തിമ ഘട്ടത്തിലേക്ക് എത്തിയതോടെ മന്ത്രിസ്ഥാനത്തിനു വേണ്ടി അടി തുടങ്ങി ഘടക കക്ഷികൾ. രണ്ടു മന്ത്രിസ്ഥാനം ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നു കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം നടക്കുന്ന യോഗത്തിൽ ആവശ്യമുന്നയിക്കും. രണ്ട് തവണ എംഎൽഎ ആയ താൻ മന്ത്രി ആകുമെന്നാണ് പ്രതീക്ഷയെന്ന് മാണി സി കാപ്പനും. വകുപ്പിലോ മന്ത്രിമാരുടെ എണ്ണത്തിലോ വിട്ടുവീഴ്ച വേണ്ടെന്നു മുസ്ലിം ലീഗിൻ്റെയും നിലപാട്.
എട്ടു സ്ഥാനാര്‍ഥികളില്‍ ഏഴുപേരും വിജയിച്ചതും തങ്ങളുടെ അവകാശവാദത്തിനു ബലമേകുമെന്നാണു ജോസഫ് ഗ്രൂപ്പിൻ്റെ വിലയിരുത്തല്‍. നേരത്തെ മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു ലഭിച്ച ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കു ലഭിക്കണമെന്നാണു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. നിലവില്‍ കേരളാ കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം മാത്രമാണ് ഉള്ളത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.ജെ. ജോസഫായിരുന്നു മന്ത്രിയായത്. ഇക്കുറി പി.ജെ. ജോസഫിനു പരകം മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഇതില്‍ അപുവിനു മന്ത്രിസ്ഥാനം വേണമെന്നു ജോസഫ് ഗ്രൂപ്പിലെ ഭൂരിപക്ഷ അഭിപ്രായം.
എന്നാല്‍, പാര്‍ട്ടിയില്‍ സീനിയര്‍ മോന്‍സ് ജോസഫാണ്. എം.എല്‍.എമാരില്‍ കൂടുതല്‍ പേരും മോന്‍സ് അനുകൂലികളാണ് എന്നത് മോന്‍സിനു മുന്‍തൂക്കം നല്‍കുന്നു. ഇതോടെയാണു രണ്ടാം മന്ത്രിയെന്ന ആവശ്യം ജോസഫ് ഗ്രൂപ്പ് കടുപ്പിക്കുന്നത്.
മന്ത്രി ആകുമെന്ന് ഉറപ്പിച്ച് മട്ടിലാണ് പാലായിലെ നിയുക്ത എംഎൽഎ മാണി സി. കാപ്പൻ. രണ്ട് തവണ എംഎൽഎ ആയ താൻ മന്ത്രി ആകുമെന്നാണ് പ്രതീക്ഷയെന്ന് മാണി സി കാപ്പൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ഘടക കക്ഷി എന്ന നിലയ്ക്ക് തന്നെയും മന്ത്രി സഭയിൽ പരിഗണിക്കും. ടേം വ്യവസ്ഥയെ കുറിച്ച് ചർച്ച ഒന്നും തന്നെ ചർച്ച നടന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
വകുപ്പിലോ മന്ത്രിമാരുടെ എണ്ണത്തിലോ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് മുസ്‍ലിം ലീഗ്. മന്ത്രിമാരെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിൽ പ്രാഥമിക ചർച്ചയുണ്ടായെങ്കിലും തീരുമാനമെടുത്തില്ല. ഇക്കാര്യത്തിലും തീരുമാനമെടുക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു.
മുഖ്യമന്ത്രിയെ തീരുമാനിച്ചശേഷം കോൺഗ്രസ് നേതാക്കളുമായി ലീഗ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തും. പാർട്ടിക്ക് എത്ര മന്ത്രിമാരുണ്ടാകും, ഏതെല്ലാം വകുപ്പുകൾ എന്നതിൽ യു.ഡി.എഫിൽ തീരുമാനമാകണം. അതിനുശേഷമായിരിക്കും മന്ത്രിമാരെക്കുറിച്ചുള്ള അന്തിമതീരുമാനം.
ഇതിനിടെ ലീഗിൽ നിന്നു വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി എൻ.എസ്.എസ് രംഗത്തുവന്നു. വിദ്യാഭ്യാസ വകുപ്പ് ജനകീയം ആകണമെങ്കില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും സുകുമരാന്‍ നയാര്‍ പറഞ്ഞു. ഒരു കൂട്ടര്‍ മാത്രം അത് കൈവശം വെക്കുന്നത് ശരിയല്ലെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. മുൻപ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.