മഹാരാഷ്ട്രയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ ഇറച്ചിക്കടകള്‍ അടച്ചിടാന്‍ കോര്‍പ്പറേഷന്‍ നിര്‍ദേശം

മുബൈ:മഹാരാഷ്ട്രയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ ഇറച്ചിക്കടകള്‍ അടച്ചിടാന്‍ വിവിധ കോര്‍പ്പറേഷനുകളുടെ നിര്‍ദേശം.
താനെ ജില്ലയിലെ കല്യാണ്‍ ഡോംബിവ്‌ലി കോര്‍പ്പറേഷനാണ് സ്വാതന്ത്ര്യദിനത്തില്‍ മുഴുവന്‍ ഇറച്ചിക്കടകളും അടച്ചിടണമെന്ന് ആദ്യം നിര്‍ദേശിച്ചത്. ഇതിന് പിന്നാലെ മാലേഗാവ്, ഛത്രപതി സംഭാജി നഗര്‍, നാഗ്പൂര്‍ കോര്‍പ്പറേഷന്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന ഉത്തരവിറങ്ങി.
തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പിന്നാലെ ഉപമുഖ്യമന്ത്രിയും എന്‍ സി പി നേതാവുമായ അജിത് പവാറും തീരുമാനം ഉചിതമല്ലെന്ന് പ്രതികരിച്ചു. മഹാരാഷ്ട്ര ദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയ അവസരങ്ങളില്‍ ഇറച്ചിക്കടകള്‍ അടച്ചിടുന്നത് ഉചിതമല്ലെന്നും ജനവികാരം വ്രണപ്പെടുത്തുന്ന നിലപാട് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും അജിത് പവാര്‍ പ്രതികരിച്ചു.
പച്ചക്കറിയും ഉണക്ക മത്സ്യവുമെല്ലാം ഭക്ഷിക്കുന്ന ഒട്ടേറെ സമൂഹങ്ങള്‍ കൊങ്കണ്‍ മേഖലയില്‍ ജീവിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ഇറച്ചിയും പച്ചക്കറിയും ഒരുപോലെ ഭക്ഷിക്കുന്ന സമൂഹമാണ് രാജ്യത്തുള്ളത്. എന്തിനാണ് അനാവശ്യമായി സ്വാതന്ത്ര്യദിനത്തെ പ്രത്യേകം ലക്ഷ്യംവയ്ക്കുന്നതെന്നും അജിത് പവാര്‍ ചോദിച്ചു.
ഇറച്ചി നിരോധിക്കാനുള്ള കോര്‍പ്പറേഷന്‍ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന ആവശ്യപ്പെട്ടിട്ടുണ്ട്. കോര്‍പ്പറേഷന്‍ നടപടിയെ ശിവസേന ഉദ്ധവ് വിഭാഗവും രൂക്ഷമായി വിമര്‍ശിച്ചു.