അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി യു.എസ്. മെത്രാന്മാര്‍ രാജ്യത്തെ തിരുഹൃദയത്തിന് സമര്‍പ്പിച്ചു

 
leo papaa


അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 11-ന് യു.എസ്. മെത്രാന്മാര്‍ രാജ്യത്തെ തിരുഹൃദയത്തിന് സമര്‍പ്പിച്ചു. ഈ വര്‍ഷം ജൂണ്‍ 12-നാണ് ഈശോയുടെ തിരുഹൃദയ തിരുനാള്‍ ആഘോഷിക്കുന്നത്.

രാജ്യത്തുടനീളമുള്ള ഇടവകകളിലെ വിശ്വാസികളോടും മെത്രാന്മാരോടൊപ്പം ചേര്‍ന്ന് ഈ സമര്‍പ്പണത്തില്‍ പങ്കാളികളാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക വിശുദ്ധ കുര്‍ബാനകള്‍, ആരാധനകള്‍, നൊവേനകള്‍, മറ്റ് ഭക്തകൃത്യങ്ങള്‍ ഇടവക തലത്തില്‍ സംഘടിപ്പിച്ചു.


ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ ജൂണ്‍ 12 വരെ നടക്കുന്ന മെത്രാന്മാരുടെ പ്ലീനറി അസംബ്ലിയുടെ (പൊതുസമ്മേളനം) മധ്യേ ജൂണ്‍ 11 ന് ഉച്ചകഴിഞ്ഞാണ് പ്രത്യേക വിശുദ്ധ കുര്‍ബാനയും സമര്‍പ്പണ പ്രാര്‍ത്ഥനയും നടന്നത്. വിശുദ്ധ കുര്‍ബാനയുടെയും സമ്മേളനത്തിന്റെയും തത്സമയ ദൃശ്യങ്ങള്‍ യു.എസ്.സി.സി.ബി-യുടെ (USCCB) യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. വിശുദ്ധ കുര്‍ബാന മധ്യേ, വിശ്വാസികളുടെ പ്രാര്‍ഥനയ്ക്ക് തൊട്ടുപിന്നാലെ മെത്രാന്മാര്‍ എല്ലാവരും ഒരുമിച്ച് ചൊല്ലിയ പ്രത്യേക പ്രാര്‍ഥനയോടെയായിരുന്നു രാജ്യത്തെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചത്.

ചടങ്ങില്‍ ബാള്‍ട്ടിമോര്‍ ആര്‍ച്ച് ബിഷപ്പ് വില്യം ഇ. ലോറി വചനസന്ദേശം നല്‍കി. ഈ സമര്‍പ്പണം ഒരു ''വിശ്വാസ പ്രഖ്യാപനമാണെന്ന്'' അദ്ദേഹം പറഞ്ഞു. യു.എസ്. മെത്രാന്മാര്‍ രാജ്യത്തെ തിരുഹൃദയത്തിന് സമര്‍പ്പിച്ച വേളയില്‍ തന്നെ, 'സേക്രഡ് ഹാര്‍ട്ട്: ഹിസ് റെയിന്‍ ഹാസ് നോ എന്‍ഡ്' (Sacred Heart: His Reign Has No End) എന്ന ഫ്രഞ്ച് ചലച്ചിത്രം ജൂണ്‍ 9 മുതല്‍ 11 വരെയും ജൂണ്‍ 14-നും യു.എസിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിശുദ്ധ മാര്‍ഗരറ്റ് മേരിയുടെ ജീവിതവും തിരുഹൃദയ ഭക്തിയുടെ സന്ദേശവും ദൃശ്യാവിഷ്‌കരിക്കുന്ന ഒരു ഡോക്യൂഡ്രാമയാണിത്.
 

Tags

Share this story

From Around the Web