രാജ്യത്ത് ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് 357 മാവോയിസ്റ്റുകൾ; ദണ്ഡകാരണ്യത്തില്‍ നക്സൽ ഗ്രൂപ്പുകൾക്ക് ശക്തമായ തിരിച്ചടി. 22 പേജുള്ള സംഘടനാ റിപ്പോർട്ട് പൊലീസിന് ലഭിച്ചു

അഖിലേന്ത്യാ നേതാക്കളടക്കം 357 മാവോയിസ്റ്റുകള്‍ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടുവെന്ന് പൊലീസ്. നക്‌സല്‍ സംഘടനയായ സിപിഐ മാവോയിസ്റ്റ് ഇക്കാര്യം തുറന്നു സമ്മതിച്ചെന്നും ബസ്തര്‍ റേഞ്ച് ഐജി പി. സുന്ദര്‍രാജ്. 22 പേജുള്ള സംഘടനാ റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചെന്നും ബസ്തര്‍ ഐജി വെളിപ്പെടുത്തി.
രാജ്യത്തുടനീളം സുരക്ഷാ സൈനികര്‍ നടത്തിയ മാവോയിസ്റ്റ് വേട്ടയില്‍ മുതിര്‍ന്ന നേതാക്കളടക്കം 357 കേഡര്‍മാരെ നഷ്ടമായെന്ന് ബസ്തര്‍ റേഞ്ച് ഐജി പി. സുന്ദര്‍രാജ് പറഞ്ഞു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബസവരാജ് എന്ന നമ്പല കേശവറാവുവിന്റെ വധം അടക്കം മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് കനത്ത നഷ്ടം സൃഷ്ടിച്ച കാര്യം സംഘടന തന്നെ സമ്മതിച്ചെന്നും ഐജി പറഞ്ഞു.
പൊലീസിന് ലഭിച്ച 22 പേജുള്ള സിപിഐ മാവോയിസ്റ്റ് സംഘടനാ റിപ്പോര്‍ട്ടിലെ വിവരങ്ങളും ഐജി മാധ്യമങ്ങളോട് പങ്കുവെച്ചു. നാരായണ്‍പുരില്‍ വെച്ച് മെയ് 21നാണ് ബസവരാജ് കൊല്ലപ്പെട്ടത്. സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറിക്ക് പുറമേ മൂന്ന് കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍, 15 സംസ്ഥാന കമ്മിറ്റി നേതാക്കള്‍, 23 ജില്ലാ കമ്മിറ്റിയംഗങ്ങള്‍, 83 ഏരിയ കമ്മിറ്റിയംഗങ്ങള്‍ എന്നിവരും കൊല്ലപ്പെട്ടു.
ഇതില്‍ 136 പേര്‍ വനിതാ കേഡര്‍മാരാണ്. ഗറില്ലാ പോരാട്ട തന്ത്രങ്ങളിലെ പിഴവ് സ്വയം തുറന്നു സമ്മതിക്കുന്നതാണ് നക്‌സല്‍ സംഘടനയുടെ റിപ്പോര്‍ട്ടെന്ന് ഐജി പറഞ്ഞു.
ദണ്ഡകാരണ്യ എന്ന് വിളിക്കപ്പെടുന്ന ബസ്തര്‍ മുതല്‍ മഹാരാഷ്ട്രയിലെ ഗഢ്ചിരോളി വരെയുള്ള പഴയ റെഡ് കോറിഡോറിലാണ് നക്‌സല്‍ ഗ്രൂപ്പുകള്‍ക്ക് ശക്തമായ തിരിച്ചടിയേറ്റത്.
ഛത്തീസ്ഗഢ് മേഖലയില്‍ മാത്രം 281 പേരാണ് കൊല്ലപ്പെട്ടത്. തെലങ്കാനയില്‍ 23ഉം ഒഡിഷയില്‍ 20ഉം ബിഹാര്‍ - ജാര്‍ഖണ്ഡ് മേഖലയില്‍ 14 പേരും സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ഗഢ്ചിരോളി, മധ്യപ്രദേശ് വനമേഖല എന്നിവിടങ്ങളില്‍ എട്ടും ആന്ധ്രയില്‍ ഒന്‍പത് നക്‌സലുകളും കൊല്ലപ്പെട്ടു. ഒരാള്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലും ഒരാള്‍ പഞ്ചാബിലും കൊല്ലപ്പെട്ടു.
73 സുരക്ഷ സൈനികരെ തങ്ങള്‍ക്ക് കൊലപ്പെടുത്താന്‍ സാധിച്ചുവെന്ന് സിപിഐ മാവോയിസ്റ്റ് നേരത്തെ അവകാശപ്പെട്ടിരുന്നു.