ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആയുർദൈര്‍ഘ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മനുഷ്യൻ്റെ ആയുസ് അടുത്തനൂറ്റാണ്ടിൽ 160 മുതൽ 180 വരെ ആയിത്തീരും. അതിന് സഹായിക്കുക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വരവായിരിക്കും

 
 vd satheesan ai speech.jpg

കോട്ടയം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യൻ്റെ ആയുർദൈഘ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.

ഈ ദശകത്തിന്റെ അവസാനമാകുമ്പോൾ എ.ഐ മനുഷ്യ ബുദ്ധിക്ക് ഒപ്പമെത്തും. പിന്നീട് അതിവേഗം മനുഷ്യനെയും മറികടന്ന് സൂപ്പർ ഇന്റലിജൻസ് ആയി മാറും.

ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന-ജില്ലാതല അവാർഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നൂറ്റാണ്ടിൽ മനുഷ്യൻ്റെ ശരാശരി ആയുസ് 35 വയസ് മാത്രമായിരുന്നു. ഇന്ന് അത് 70 - 75 എന്ന നിലയിൽ ഇരട്ടിയിൽ അധികമായി. കഴിഞ്ഞ നൂറ്റാണ്ടിൽ ഒരാൾ മരിച്ചാൽ പറയും നെഞ്ച് വേദന വന്നു മരിച്ചു പോയതാണ് എന്ന്.

ഇന്നു നെഞ്ചുവേദന വന്നാൽ ഡോക്‌ടർമാർ ട്രെഡ്മില്ലിൽ ഓടിക്കും, ഇ.സി.ജി എടുക്കും വേണമെങ്കിൽ ആൻജിയോപ്ലാസ്റ്റി ചെയ്യും. അതിലും കൂടുതൽ ആണെങ്കിൽ ഒരു ബൈപ്പാസ് സർജറി ചെയ്ത് നാലാം നാൾ വീട്ടിലേക്ക് പറഞ്ഞു വിടും.

മെഡിക്കൽ സയൻസിൽ ഉണ്ടായ പുരോഗതിയാണ് മനുഷ്യൻ്റെ ആയുർ ദൈർഘ്യം കൂട്ടിയത്. ഈ പോക്കു പോയാൽ മനുഷ്യൻ്റെ ആയുസ് അടുത്ത നൂറ്റാണ്ടിൽ 160 മുതൽ 180 വയസു വരെ ആയിത്തീരും. അതിന് സഹായിക്കുക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വരവായിരിക്കും.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതിവേഗം രോഗനിർണയം നടത്തി അനുയോജ്യമായ മരുന്ന് നിർദേശിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും നാനോ ടെക്നോളജിയുമായി സംയോജിതമായി ഒരു ടെക്നോളജിക്കൽ ഉൽപ്പന്നം ഉണ്ടാക്കുന്നുണ്ട്. അത് നിങ്ങളുടെ ശരീരത്തിലേക്ക് ഇൻജക്ട് ചെയ്യും.

ഡോക്ടർമാർ അതിനെ ഒരു വീഡിയോ ഗെയിം പോലെ നിങ്ങളുടെ ഞരമ്പുകൾ വഴി ഹൃദയത്തിൽ എത്തിച്ച് ബ്ലോക്കുകൾ മാറ്റും. ബൈപ്പാസ് സർജറിയും ആൻജിയോപ്ലാസ്റ്റിയും ഇല്ലാതെ ബ്ലോക്ക് മാറ്റാൻ സഹായിക്കും.

ശരീരത്തിലെ കാൻസർ സെല്ലുകളെ മുഴുവൻ നീക്കം ചെയ്യും. കീമോതൊറാപ്പിയേ ഇല്ലാതാകും. ആർട്ടിഫിഷ്യൽ ഹാർട്ടും കിഡ്നിയും ലിവവും എല്ലാം സൃഷ്ടിക്കപ്പെടും.

ആർട്ടിഫിഷ്യൽ ലിവറിൻ്റെ പരീക്ഷണങ്ങൾ ഇപ്പോൾ തന്നെ നടക്കുന്നുണ്ട്. അത് വരാൻ അടുത്ത നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ടി വരില്ല. ഇങ്ങനെയായും വരും കാലങ്ങളിലെ ചികിത്സാ രീതി എന്നും അദ്ദേഹം പറഞ്ഞു.

പുരാവസ്തു ഗവേഷണങ്ങളിലും ഭൂതകാലത്തെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളിലും കാലനിർണയം, പഴക്കം തുടങ്ങിയ മേഖലകളിലും നിർമിതബുദ്ധി നിർണായക പങ്കുവഹിക്കും.

ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർഥികൾ സാങ്കേതികവിദ്യയെ സർഗാത്മകമായി ഉപയോഗിക്കുകയും ജീവിതകാലം മുഴുവൻ പഠിക്കുന്ന മനോഭാവം വളർത്തുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അറിവ് നിരന്തരം നവീകരിക്കുകയും അർപ്പണബോധത്തോടെ പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കുകയും ചെയ്ത് കേരളത്തിന്റെ വികസനത്തിനും നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും വിദ്യാർഥികൾ വഴിവിളക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്പ്യൂട്ടറിന്റെ വരവ് വലിയ ചർച്ചയായിരുന്ന കാലഘട്ടത്തിൽ തന്നെ ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചുയർത്താനുള്ള കാഴ്ചപ്പാട് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുന്നോട്ടുവെച്ചതായും അദ്ദേഹം അനുസ്മരിച്ചു.

ഐടി മേഖല ഇന്ന് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് കമ്പ്യൂട്ടർ പഠനത്തിനപ്പുറം ഫ്യൂച്ചർ സ്റ്റഡീസ് എന്ന നിലയിൽ ഭാവി സാങ്കേതികവിദ്യകളുടെ ലോകമാണ്.

കേരളത്തിൽ നിന്നുള്ള ഐടി വിദഗ്ധർ ലോകമെമ്പാടും, പ്രത്യേകിച്ച് സിലിക്കൺ വാലിയിലെ പ്രമുഖ സ്ഥാപനങ്ങളിലടക്കം നിർണായക ചുമതലകൾ വഹിക്കുന്നത് അഭിമാനകരമാണ്.

ശാസ്ത്രവും സാങ്കേതികവിദ്യയും അതിവേഗം മാറുന്ന ഈ കാലത്ത് അറിവ് വിരൽത്തുമ്പിലാണെന്നും ഓരോ നിമിഷവും പുതിയ അറിവുകൾ രൂപപ്പെടുന്ന വിജ്ഞാന വിസ്‌ഫോടനത്തിന്റെ യുഗത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഠനം പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ പാഠ്യപദ്ധതിക്കപ്പുറമുള്ള അറിവും തുടർച്ചയായി ആർജിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags

Share this story

From Around the Web