മനുഷ്യാന്തസ്സും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്ന വിധത്തിൽ വേണം നിർമ്മിതബുദ്ധി ഉപയോഗിക്കപ്പെടേണ്ടത്: ആർച്ച്ബിഷപ് ബലസ്ത്രേറോ

 
Balastero

മനുഷ്യാന്തസ്സും സുരക്ഷയും ധാർമ്മികമൂല്യങ്ങളും ഉറപ്പാക്കി വേണം നിർമ്മിതബുദ്ധിയുടെ ഉപയോഗമെന്ന്, ജനീവയിലുള്ള ഐക്യരാഷ്ട്രസഭാ കേന്ദ്രത്തിലേക്കും, മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കുമുള്ള വത്തിക്കാൻ നിരീക്ഷകനും അപ്പസ്തോലിക നൂൺഷ്യോയുമായ ആർച്ച്ബിഷപ് എത്തൊറേ ബലസ്ത്രേറോ. ജൂൺ 5 വെള്ളിയാഴ്ച, അന്താരാഷ്ട്ര ലേബർ കോൺഫറൻസിന്റെ നൂറ്റിപ്പതിനാലാമത് സെഷനിൽ സംസാരിക്കവെ, നിർമ്മിതബുദ്ധിയുടെ വികസനവും ഉപയോഗവും സംബന്ധിച്ച ചിന്തകൾക്ക് ഏറെ പ്രധാന്യമുള്ള ഒരു സമൂഹത്തിൽ, മനുഷ്യരുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ഒരു ആശയം തന്റെ പ്രഥമ ചാക്രികലേഖനമായ "മഞ്ഞീഫിക്ക ഉമാനിത്താസിൽ" (Magnifica humanitas) പരിശുദ്ധ പിതാവ് പ്രത്യേകം എടുത്തുപറയുന്നുണ്ടെന്ന് ആർച്ച്ബിഷപ് ബലസ്ത്രേറോ പ്രസ്താവിച്ചു.

തൊഴിലിടങ്ങൾ നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ടെന്ന കാര്യം അവഗണിക്കാനോ പരിഗണിക്കാതിരിക്കാനോ ആകില്ലെന്ന് പറഞ്ഞ വത്തിക്കാൻ പ്രതിനിധി, സാങ്കേതികവിദ്യ മനുഷ്യന് ഉപകാരപ്രദമാകുന്നവയാകണമെന്നും, അവ അവരുടെ പ്രാധാന്യം കുറയ്ക്കാനോ, അവർക്ക് പകരമാകനോ ഉള്ളതാകരുതെന്നും ഓർമ്മിപ്പിച്ചു. മനുഷ്യാന്തസ്സ്‌ ഉയർത്തിപ്പിടിക്കുന്നതും, മനുഷ്യകേന്ദ്രീകൃതവുമായ ഒരു സമീപനമാണ് ഇന്നത്തെ ലോകം സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമ്മിതബുദ്ധിയുടെ ഉപയോഗവുമായി ബദ്ധപ്പെട്ട് അതിലെ ധാർമ്മികതയുടെ സംരക്ഷണത്തിനുവേണ്ടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട ആർച്ച്ബിഷപ് ബലസ്ത്രേറോ, പൊതുജന ഉപയോഗത്തിനായി ഇത്തരം സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതിന് മുൻപ് ഈയൊരു പ്രധാനപ്പെട്ട ഉത്തരവാദിത്വം നിർവ്വഹിച്ചിരിക്കണമെന്ന് ഓർമ്മിപ്പിച്ചു.

നിർമ്മിതബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങളിലേക്ക് വിരൽചൂണ്ടിയ വത്തിക്കാൻ നയതന്ത്രജ്ഞൻ, അതിലുണ്ടാകേണ്ട തുല്യമായ വിതരണത്തിന്റെ പ്രാധാന്യം പ്രത്യേകം പരാമർശിച്ചു. ഒരുമയിൽ അടിസ്ഥാനമിട്ട ഒരു സഹകരണപ്രവർത്തനരീതിയാണ് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നിർമ്മിതബുദ്ധിയുടെ ഉപയോഗത്തിന്റെ ആരംഭത്തിൽത്തന്നെ, അതിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്ന മൂല്യങ്ങൾ ഏതൊക്കെയാണെന്നതിനെപ്പറ്റി കൃത്യമായ അറിവുണ്ടായിരിക്കണമെന്നും സാമൂഹ്യനീതിയുടെ വ്യവസ്ഥകളനുസരിച്ചായിരിക്കണം അത് നടക്കേണ്ടതെന്നും ആർച്ച്ബിഷപ് ബലസ്ത്രേറോ ആവശ്യപ്പെട്ടു.

സാങ്കേതികവിദ്യയിലെ പുരോഗതി തുടരുമ്പോഴും, തൊഴിൽ മേഖലയിലുള്ള ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തൊഴിലാളികളുടെ അന്തസ്സ് മാനിക്കപ്പെടുന്നുവെന്നും, ശരിയായ പ്രതിഫലം അവർക്ക് ലഭിക്കുന്നുണ്ടെന്നും, യന്ത്രങ്ങൾക്കൊപ്പം വേഗതയാർജ്ജിക്കാൻ അവർ നിർബന്ധിക്കപ്പെടുന്നില്ലെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

കൂടുതൽ ദുർബലരായ തൊഴിലാളികൾക്ക് ലഭിക്കേണ്ട പരിഗണന, കഠിനമായ ജോലികളിൽ നിർമ്മിതബുദ്ധി ഉപയോഗിച്ച്, മനുഷ്യരുടെ ആയാസം കുറയ്ക്കുന്നത്, തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുന്നത് തുടങ്ങിയ കാര്യങ്ങളിൽ നൽകേണ്ട പരിഗണയും വത്തിക്കാൻ പ്രതിനിധി പ്രത്യേകം പരാമർശിച്ചു.

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, മനുഷ്യരുടെ അന്തസ്സും അടിസ്ഥാന സ്വാതന്ത്ര്യവും പരിരക്ഷിക്കപ്പെടേണ്ടതിലേക്കും, തൊഴിൽ മേഖല മനുഷ്യരുടെ സേവനത്തിന് വേണ്ടിയാണെന്നത് ഉറപ്പാക്കേണ്ടതിലേക്കും ആർച്ച്ബിഷപ് ബലസ്ത്രേറോ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധ ക്ഷണിച്ചു.

Tags

Share this story

From Around the Web