നിര്‍മ്മിത ബുദ്ധിയും സാങ്കേതിക വിദ്യയും അധികാരത്തിന്റെ ഉപകരണമാകരുത്, മനുഷ്യന്റെ ശുശ്രൂഷയ്ക്കായി മാറണം: യുനെസ്‌കോയില്‍ ലെയോ പാപ്പ
പാരീസ്: സാങ്കേതികവിദ്യയും നിര്‍മ്മിതബുദ്ധിയും മനുഷ്യന്റെ ശുശ്രൂഷയ്ക്ക് ഉപകരിക്കേണ്ടതിന് പകരം അധികാരത്തിന്റെയും അനീതിയുടെയും ഉപകരണങ്ങളാക്കി മാറ്റരുതെന്ന് ലെയോ പാപ്പ. ഫ്രാന്‍സില്‍ അപ്പസ്‌തോലിക സന്ദര്‍ശനം തുടരുന്നതിനിടെ വിദ്യാഭ്യാസവും സംസ്‌കാരവും വഴി ലോകസമാധാനം വളര്‍ത്തുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സംഘടനയായ യുനെസ്‌കോയുടെ ആസ്ഥാന ഓഫീസില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ.
മനുഷ്യാന്തസ്സ്, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, നിര്‍മ്മിതബുദ്ധിയും സാങ്കേതികവിദ്യയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍, യുദ്ധം, പരിസ്ഥിതി സംരക്ഷണം, ദുര്‍ബലരുടെയും അവഗണിക്കപ്പെടുന്നവരുടെയും അവകാശങ്ങള്‍, മതങ്ങളുടെ സാമൂഹിക പങ്ക് തുടങ്ങിയ വിഷയങ്ങള്‍ പാപ്പ പങ്കുവെച്ചു.
ശാസ്ത്രവും കഴിവുകളും സൃഷ്ടിക്കും നന്മയ്ക്കും ഉപയോഗിക്കാമെങ്കിലും യുദ്ധത്തില്‍ അവ നശീകരണത്തിനുള്ള ഉപകരണങ്ങളായി മാറുന്നത് വലിയ ദുരന്തമാണെന്നു പാപ്പ പറഞ്ഞു.
നിര്‍മ്മിതബുദ്ധിക്ക് വിവരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുമെങ്കിലും മനുഷ്യജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അതിന് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ സാങ്കേതിക പുരോഗതിക്കിടയില്‍ മനുഷ്യന്റെ അനിഷേധ്യമായ അന്തസ്സ് സംരക്ഷിക്കപ്പെടണമെന്ന് ഓര്‍മ്മിപ്പിച്ചു.
വിദ്യാഭ്യാസം അറിവ് കൈമാറുന്നതില്‍ മാത്രം ഒതുങ്ങരുതെന്നും മനുഷ്യജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ സഹായിക്കണമെന്നും മനുഷ്യനെ കൂടുതല്‍ സമ്പന്നനാക്കുക എന്നതിലുപരി കൂടുതല്‍ പൂര്‍ണമായ മനുഷ്യനായി വളരാന്‍ സഹായിക്കുന്നതായിരിക്കണമെന്നും പാപ്പ ചൂണ്ടിക്കാട്ടി.
ജനനകാലം മുതല്‍ മറ്റുളളവരുടെ സഹായം ആവശ്യമുള്ളവനാണ് മനുഷ്യനെന്നും, അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തില്‍ പരസ്പര ഉത്തരവാദിത്തത്തിനും കുടുംബബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
രോഗം, വൈകല്യം, വാര്‍ദ്ധക്യം, വേദന തുടങ്ങിയവ ഒരാളുടെയും അന്തസ്സ് കുറയ്ക്കുന്നില്ലെന്നും ജീവിതത്തിന്റെ അവസാനഘട്ടംവരെ സ്‌നേഹപൂര്‍വമായ പരിചരണം ഏവര്‍ക്കും ലഭിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു.
ക്രൈസ്തവ വിശ്വാസത്തില്‍ മനുഷ്യന്റെ യഥാര്‍ത്ഥ സ്വഭാവം ക്രിസ്തുവിലാണ് പൂര്‍ണമായി വെളിപ്പെടുന്നതെന്ന് ഉദ്ബോധിപ്പിച്ച പാപ്പ, ഓരോ വ്യക്തിയും ദൈവം സൃഷ്ടിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവനാണെന്ന വിശ്വാസം മനുഷ്യാന്തസ്സിനോടുള്ള സഭയുടെ സമീപനത്തിന്റെ അടിസ്ഥാനമാണെന്നും പറഞ്ഞു.
ഗര്‍ഭസ്ഥ ശിശുക്കള്‍, യുദ്ധമേഖലകളിലെ കുട്ടികള്‍, വൈകല്യമുള്ളവര്‍, വയോധികര്‍, കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, സമൂഹം അവഗണിക്കുന്നവര്‍ എന്നിവരോടുള്ള സമീപനമാണ് മനുഷ്യാന്തസ്സിനോടുള്ള യഥാര്‍ത്ഥ പ്രതിബദ്ധതയുടെ അളവുകോലെന്നും ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കണമെന്നും പറഞ്ഞു.