കുടിശ്ശിക നല്‍കിയില്ല, തലസ്ഥാനത്ത് സുരക്ഷാ ക്യാമറകള്‍ പണിമുടക്കി; പൊലീസും വെട്ടില്‍,സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്ത് സ്ഥാപിച്ച സുരക്ഷാ ക്യാമറകള്‍ കൂട്ടത്തോടെ പണിമുടക്കുന്നു. നഗരത്തിലെ സുരക്ഷയ്ക്കായി സ്ഥാപിച്ച 108 ക്യാമറകളില്‍ 40-ലധികം ക്യാമറകളാണ് നിലവില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. സംസ്ഥാന ഭരണകേന്ദ്രമായ സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ക്യാമറകള്‍ തകരാറിലായതോടെ കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങള്‍ ലഭിക്കാതെ പൊലീസും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയം ചൂണ്ടിക്കാട്ടി പൊലീസ് ആവര്‍ത്തിച്ച് കത്തുകള്‍ അയച്ചിട്ടും സ്മാര്‍ട്ട് സിറ്റി അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തുക സ്മാര്‍ട്ട് സിറ്റി മുടക്കിയതാണ് നിലവിലെ വന്‍ പ്രതിസന്ധിക്ക് പ്രധാന കാരണം. പദ്ധതിക്ക് ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന എംഎസ്പി എന്ന കമ്പനിക്ക് പണം ലഭിക്കാതായതോടെ അവര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇതോടെയാണ് സെക്രട്ടറിയേറ്റ് പരിസരത്തെയടക്കം ഭൂരിഭാഗം നിരീക്ഷണ ക്യാമറകളുടെയും പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിച്ചത്.