2025ല്‍ ലോകത്ത് മുപ്പത്തിയൊന്‍പത് കോടിയോളം ക്രൈസ്തവര്‍ മതപീഡനമനുഭവിച്ചു: ഓപ്പണ്‍ ഡോഴ്‌സ് പ്രസ്ഥാനം
ലോകത്ത് ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ പീഡനമേല്‍ക്കേണ്ടിവരുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് ഓപ്പണ്‍ ഡോഴ്‌സ് പ്രസ്ഥാനം. കഴിഞ്ഞ ദിവസം പുറത്തുവിട്ട '2026-ലെ നിരീക്ഷണപ്പട്ടിക' അനുസരിച്ച് ലോകത്ത് ഏതാണ്ട് മുപ്പത്തിയെട്ട് കോടി എണ്‍പത് ലക്ഷം പേരാണ് ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ വിവിധ പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരായത്.
ക്രൈസ്തവപീഡനങ്ങളുടെ കാര്യത്തില്‍ 2025 ഒരു റെക്കോര്‍ഡ് വര്‍ഷമായിരുന്നുവെന്ന് ഓപ്പണ്‍ ഡോഴ്‌സ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ നാനി വിശേഷിപ്പിച്ചു.
കടുത്ത ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിലനിന്നിരുന്ന രാജ്യങ്ങളുടെ എണ്ണം ഈ വര്‍ഷം പതിമൂന്നില്‍ നിന്ന് പതിനഞ്ചായി വര്‍ധിച്ചുവെന്ന് ഓപ്പണ്‍ ഡോഴ്‌സ് അറിയിച്ചു.
വടക്കന്‍ കൊറിയയാണ് ഇതില്‍ ഏറ്റവും മുന്നിലുള്ളത്. സോമാലിയ, എരിത്രയ, ലിബിയ, അഫ്ഗാനിസ്ഥാന്‍, യമന്‍, സുഡാന്‍, മാലി, നൈജീരിയ, പാകിസ്ഥാന്‍, ഇറാന്‍, ഇന്ത്യ, സൗദി അറേബ്യ, മ്യാന്മാര്‍, സിറിയ എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്.
ക്രൈസ്തവപീഡനത്തില്‍ സിറിയ, 'ഗുരുതരമായ' നിലയില്‍നിന്ന് 'തീവ്രമായ' സ്ഥിതിയിലേക്ക് എത്തിയെന്ന് ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സിറിയയില്‍ നിലവില്‍ മൂന്ന് ലക്ഷത്തില്‍ താഴെ ക്രിസ്ത്യാനികള്‍ മാത്രമാണ് ഉള്ളതെന്നും, ലക്ഷക്കണക്കിനാളുകളാണ് കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ കൊണ്ട് ഇവിടെ കുറഞ്ഞിട്ടുള്ളതെന്നും പ്രസ്ഥാനത്തിന്റെ ഡയറക്ടര്‍ വിശദീകരിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2024-ല്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ 2023-ലേതിനേക്കാള്‍ കുറവായിരുന്നെങ്കിലും, 2025-ല്‍ ഈ നമ്പര്‍ വീണ്ടും വര്‍ദ്ധിച്ചു. ഇതനുസരിച്ച് 4.849 ക്രൈസ്തവരാണ് 2025-ല്‍ ലോകത്ത് മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്.
ഇതില്‍ 3.490 പേരും, അതായത് എഴുപത് ശതമാനവും നൈജീരിയയിലാണ്. വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ക്രൈസ്തവര്‍ 4.712 പേരാണ്.
ദേവാലയങ്ങള്‍ക്കും, ക്രൈസ്തവ ഭവനങ്ങള്‍ക്കും കടകള്‍ക്കും നേരെയുളള ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞിട്ടുണ്ട്. 2024-ല്‍ 7.679 ദേവാലയങ്ങള്‍ അക്രമിക്കപ്പെട്ടെങ്കില്‍ 2025-ല്‍ 3.632 ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. ക്രൈസ്തവ ഭവനങ്ങളുടെയും കടകളുടെയും കാര്യത്തില്‍ ഇത് 28.368-ല്‍ നിന്ന് 25.794 ആയി കുറഞ്ഞിട്ടുണ്ട്.
ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേതുപോലെ, ദുര്‍ബലമായ സര്‍ക്കാരുകള്‍ നിലനില്‍ക്കുന്ന ഇടങ്ങളിലാണ് കൂടുതല്‍ ക്രൈസ്തവപീഡനങ്ങള്‍ അരങ്ങേറുന്നതെന്ന് ഓപ്പണ്‍ ഡോഴ്‌സ് വിശദീകരിച്ചു.
പീഡനങ്ങളേല്‍ക്കേണ്ടിവന്ന ക്രൈസ്തവരില്‍ ഇരുപത് കൊടിയിലധികവും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നും, പതിനൊന്ന് കോടിയോളം പേര്‍ പതിനഞ്ച് വയസ്സില്‍ താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവരായിരുന്നുവെന്നും, വത്തിക്കാന്‍ മീഡിയയ്ക്കനുവദിച്ച ഒരു അഭിമുഖത്തില്‍ നാനി വിശദീകരിച്ചു.
ഇന്ന് ഏറ്റവും കൂടുതല്‍ മതപീഡനങ്ങള്‍ നടക്കുന്നത് ക്രൈസ്തവര്‍ക്കെതിരാണെന്ന് വത്തിക്കാനിലേക്കുള്ള നയതന്ത്രജ്ഞര്‍ക്ക് ജനുവരി ഒന്‍പതാം തീയതി അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയില്‍ ലിയോ പതിനാലാമന്‍ പാപ്പാ ഓര്‍മ്മിപ്പിച്ചിരുന്നു.
ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളായ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍പ്പോലും വചനപ്രക്ഷോഷണം നടത്തുന്നതിനെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും പാപ്പാ പരാമര്‍ശിച്ചിരുന്നു.