സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതിക്കാരായ 1600ഓളം ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണത്തിൽ; 250 പേർ കടുത്ത അഴിമതിക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതിക്കാരായ 1600 ഓളം ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി വിജിലൻസ്.
ഇവർ വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് നിന്നും അഴിമതി പൂർണമായി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന ‘പ്രോജക്ട് സീറോ’ യുടെ ഭാഗമായാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയത്.
ഇതിൽ 250 ഓളം പേർ കടുത്ത അഴിമതിക്കാരാണെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വിശദമാക്കി. മുമ്പ് അഴിമതി, കൈക്കൂലി കേസുകളിൽ ഉൾപ്പെട്ടവരും അഴിമതി ആരോപണങ്ങൾ ഉള്ളവരുമായ ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയാറാക്കിയത്. ജനം ഏറെ ആശ്രയിക്കുന്ന റവന്യൂ, തദ്ദേശം, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതൽ.
അഴിമതി ഇല്ലാതാക്കാൻ ട്രാപ്പ് കേസുകൾ കൂടുതലായി നടത്താനാണ് വിജിലൻസിന്റെ തീരുമാനം. അതിന്റെ അടിസ്ഥാനത്തിൽ വൻ അഴിമതിക്കാർ ഓരോരുത്തരായി പിടിയിലാകുന്നുണ്ടെന്നും വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അഴിമതിക്കാർ പണം വാങ്ങുന്ന ശൈലി മാറ്റിയതായാണ് വിജിലൻസിന്റെ കണ്ടെത്തൽ.
അടുത്തിടെ വിവിധ സർക്കാർ ഓഫിസുകളിലും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് നടത്തിയ മിന്നൽ പരിശോധനകളിലുമെല്ലാം ഡിജിറ്റൽ സംവിധാനത്തിലൂടെ പണം കൈപ്പറ്റുന്നതാണ് കണ്ടെത്തിയത്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഗൂഗിൾ പേ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയുള്ള കാര്യങ്ങളാണ് നടത്തുന്നത്.
വിദേശത്ത് പഠിക്കുന്ന മകളുടെ അക്കൗണ്ടിലേക്ക് പോലും ഇടനിലക്കാരിൽ നിന്ന് ചില ഉദ്യോഗസ്ഥർ പണം വാങ്ങുന്നതായി വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അന്വേഷണവും ശ്രമകരമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ബിനാമി ഇടപാടുകളാണ് അഴിമതിക്കാർ നടത്തുന്നതെന്നതും വെല്ലുവിളിയാണ്. എന്നാൽ എ.ഐ സംവിധാനം ഉൾപ്പെടെ ഉപയോഗിച്ച് അഴിമതിക്കാരെ നിരീക്ഷിച്ച് പിടികൂടാനുള്ള നീക്കത്തിലാണ് വിജിലൻസ്.