ഗവണ്‍മെന്റിനെ വിമര്‍ശിച്ച അര്‍മേനിയന്‍ ആര്‍ച്ചുബിഷപ്പിന് രണ്ട് വര്‍ഷം തടവ് ശിക്ഷ

യെരെവന്‍/അര്‍മേനിയ: സര്‍ക്കാരിനെതിരെ അട്ടിമറിശ്രമം ആരോപിച്ച് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ സമൂഹങ്ങളിലൊന്നായ അര്‍മേനിയന്‍ അപ്പസ്തോലിക് സഭയിലെ ആര്‍ച്ചുബിഷപ്പിനെ രണ്ട് വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു.
ആര്‍ച്ചുബിഷപ്പിനെ തടവു ശിക്കഷയ്ക്ക് വിധിച്ച നടപടി അധികാരികളുടെ സഭാ വിരുദ്ധ പ്രചാരണത്തിന്റെ വ്യക്തമായ പ്രകടനമാണെന്നും ഗുരുതരമായ അനീതിയാണെന്നും സഭാവൃത്തങ്ങള്‍ പ്രതികരിച്ചു.
പ്രധാനമന്ത്രി നിക്കോള്‍ പാഷിനിയാന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ആര്‍ച്ചുബിഷപ് മൈക്കല്‍ അജപഹ്യാനെ കോടിതി കുറ്റക്കാരനാണെന്ന് വിധിച്ചത്.
62 കാരനായ ആര്‍ച്ചുബിഷപ് അജപഹ്യാനെ ജൂണില്‍ അറസ്റ്റു ചെയ്തിരുന്നു. ഒരു വര്‍ഷമായി നടത്തിയ നിരവധി പ്രസ്താവനകളിലൂടെ അദ്ദേഹം സര്‍ക്കാരിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍ ആര്‍ച്ചു ബിഷപ് ഗവണ്‍മെന്റ് നയത്തെ വിമര്‍ശിക്കുകയും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശം വിനിയോഗിക്കുകയും ചെയ്യുകകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. ഒരു ചെറിയ വിചാരണയ്ക്ക് ശേഷം ഒക്ടോബര്‍ 3 നാണ് യെരേവനിലെ കോടതി ശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.
വിധി രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരാ സൊഹ്‌റാബ്യാന്‍, അര്‍മേനിയന്‍ അപ്പസ്തോലിക് സഭ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സ്ഥിരീകരിച്ചു.
നിരവധി അതിര്‍ത്തി ഗ്രാമങ്ങള്‍ അയല്‍രാജ്യമായ അസര്‍ബൈജാന് കൈമാറാനുള്ള അര്‍മേനിയയുടെ തീരുമാനത്തെ തുടര്‍ന്നാണ് ബഹുജന പ്രകടനങ്ങളും പ്രധാനമന്ത്രിയുടെ നേതൃത്വത്തിനെതിരായ എതിര്‍പ്പും വര്‍ധിച്ചത്.