നൈജീരിയയില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ ആക്രമണം നടത്തി സായുധ സംഘം ദേവാലയത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ക്ക് മോചനം

 
nigeriya


എനുഗു: നൈജീരിയയില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ ആക്രമണം നടത്തി സായുധ സംഘം ദേവാലയത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ക്ക് മോചനം. 


ഓഗസ്റ്റ് 2 ഞായറാഴ്ച എനുഗു സംസ്ഥാനത്തുള്ള ഉഡി ജില്ലയിലെ അഫ, ഇനോയിയിലുള്ള സെന്റ് ജോസഫ്‌സ് പള്ളിയിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെ ആക്രമണം നടത്തി തട്ടിക്കൊണ്ടുപോയവരില്‍ ഒരു സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും ഇടവകാംഗത്തിനുമാണ് മോചനം ലഭിച്ചിരിക്കുന്നത്. 

ഇക്കാര്യം 'ഡെയ്ലി പോസ്റ്റ്' ഉള്‍പ്പെടെയുള്ള നൈജീരിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനായി സുരക്ഷാ ഉദ്യോഗസ്ഥരും പ്രാദേശിക അധികൃതരും നടത്തിയ നിരന്തരമായ ശ്രമങ്ങളെത്തുടര്‍ന്നാണ് ഇവര്‍ മോചിതരായതെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ സെന്‍ ചിജിങ്കെം ഉഗ്വാനി കഴിഞ്ഞ ദിവസം പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. 

തട്ടിക്കൊണ്ടുപോകല്‍ നടന്നതു മുതല്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച എനുഗു സംസ്ഥാന ഗവര്‍ണര്‍ പീറ്റര്‍ എംബായുടെ ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു.

എനുഗു സംസ്ഥാനത്തെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് സര്‍വീസസ് ഡയറക്ടര്‍, ഗവര്‍ണറുടെ എയ്ഡ്-ഡി-ക്യാമ്പ്, ഉഡി ലോക്കല്‍ ഗവണ്‍മെന്റ് ഏരിയ ചെയര്‍മാന്‍ ഒഗ്ബോണിയ അഗു എന്നിവര്‍ കുറ്റവാളികളെ പിടികൂടാനുള്ള സംഘത്തെ ഏകോപിപ്പിച്ചിരിന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഓഗസ്റ്റ് 2 രാവിലെ എട്ടരയോടെ വിശുദ്ധ കുര്‍ബാനയ്ക്കിടെ സായുധധാരികളായ ഏഴ് പേര്‍ പള്ളിയിലേക്ക് ഇരച്ചുകയറി തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തുകയും ഭീതി സൃഷ്ടിക്കുകയുമായിരിന്നു. 

ഒരു മതബോധന അധ്യാപകനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് അദ്ദേഹം രക്ഷപ്പെട്ടിരിന്നു.

Tags

Share this story

From Around the Web