നൈജീരിയയിലെ ക്രൈസ്തവ ദൈവാലയത്തിനു നേരെ ആക്രമണം നടത്തി സായുധരായ അക്രമികള്‍. 31 പേരെ സൈന്യം സുരക്ഷിതമായി മോചിപ്പിച്ചു
നൈജീരിയയിലെ ക്രൈസ്തവ ദൈവാലയത്തിനു നേരെ ആക്രമണം നടത്തി സായുധരായ അക്രമികൾ. ആക്രമണത്തിനു പിന്നാലെ തട്ടിക്കൊണ്ടുപോകപ്പെട്ട 31 പേരെ സൈന്യം സുരക്ഷിതമായി മോചിപ്പിച്ചു.
സൈന്യം നടത്തിയ മിന്നൽപരിശോധനയിലാണ് ഭീകരരുടെ പിടിയിൽ നിന്നും ബന്ദികളെ രക്ഷപെടുത്തിയത്.
നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള കടുനയിലെ കാത്തലിക്, ഇവാഞ്ചലിക്കൽ പള്ളികൾക്കു നേരെയാണ് സംഘം ആക്രമണം നടത്തിയത്. ഈസ്റ്റർ ശുശ്രൂഷയ്ക്കിടെയായിരുന്നു ഈ അപ്രതീക്ഷിത ആക്രമണം.
വിവരമറിഞ്ഞ ഉടൻതന്നെ നൈജീരിയൻ സൈന്യം പ്രദേശം വളയുകയും അക്രമികളെ പിന്തുടരുകയുമായിരുന്നു. വനപ്രദേശങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് 31 ബന്ദികളെയും കണ്ടെത്തിയത്.
മോചിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിവരുന്നതായി സൈനികവക്താവ് അറിയിച്ചു.
ആക്രമണം നടത്തി രക്ഷപെട്ട തോക്കുധാരികൾക്കായി പ്രദേശത്ത് സൈന്യം വലിയ തോതിലുള്ള തിരച്ചിൽ തുടരുകയാണ്.
പണത്തിനു വേണ്ടി തട്ടിക്കൊണ്ടുപോകൽ നടത്തുന്ന സായുധസംഘങ്ങളാണ് ഇതിനു പിന്നിലെന്ന് കരുതപ്പെടുന്നു.