അർജുൻ ആയങ്കിയുടെ സഹോദരൻ അജയ്‌യെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; ജാമ്യമെടുക്കാനെത്തിയ ഗുണ്ടാ നേതാവ് കരുതൽ തടങ്കലിൽ
കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അജയ് ആയങ്കിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൗഡ് ഫണ്ടിംഗിലൂടെ 16,000 രൂപ ലഭിച്ചെന്ന് അജയ് ആയങ്കി മൊഴി നല്‍കി. നിയമനടപടികള്‍ക്കായി ഈ പണം ഒരു സുഹൃത്തിന് കൈമാറിയെന്നും അജയ് മൊഴി നല്‍കിയിരുന്നു.
എന്നാൽ അജയ് ആയങ്കിയെ ജാമ്യത്തിലെടുക്കാന്‍ എത്തിയ ഗുണ്ടാ നേതാവിനെ പൊലീസ് കരുതൽ തടങ്കലിലാക്കി. അജയ് ആയങ്കിയെ ജാമ്യത്തിൽ എടുക്കാനായി നടക്കാവ് സ്റ്റേഷനിലാണ് ക്വട്ടേഷന്‍ സംഘാംഗം എത്തിയത്. ഗുണ്ടയായ ഇയാൾക്കെതിരെയുള്ള കേസുകള്‍ കൂടി പൊലീസ് പരിശോധിക്കുകയാണ്. ഇതേ തുടർന്ന് സഹോദരന്‍ അഖില്‍ ആയങ്കിയാണ് അജയ് ആയങ്കിയെ ജാമ്യത്തിലിറക്കാന്‍ നടക്കാവ് റോഡ് സ്‌റ്റേഷനില്‍ എത്തിയത്.
മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് അഖില്‍ ആയങ്കി മാധ്യമങ്ങളോട് കയര്‍ത്തു. മാധ്യമങ്ങളാണ് അജയിയെ പെടുത്തിയതെന്നും നടക്കാവ് സ്‌റ്റേഷനിലെത്തിയ അഖില്‍ പ്രതികരിച്ചു.