അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം, എം.വി. ജയരാജന് മറുപടിയുമായി അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ
Aug 8, 2026, 21:56 IST
സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ സഹായികളായ നാല് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഊന്നുകല്ല് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതി ജാമ്യം നൽകിയത്. കോതമംഗലം കോടതി അവധിയായതിനെ തുടർന്നാണ് പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയത്.
അതിനിടെ, പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തുന്നതിനിടയിലും അർജുൻ ആയങ്കി വീണ്ടും സമൂഹമാധ്യമത്തിൽ പോസ്റ്റുമായി രംഗത്തെത്തി. സി.പി.എം. നേതാവ് എം.വി. ജയരാജന്റെ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് ഈ പോസ്റ്റ്. പാർട്ടിക്കുവേണ്ടി പ്രതികരിച്ചതിന്റെ പേരിലാണ് താൻ കള്ളക്കേസിൽ ജയിലിൽ അടക്കപ്പെട്ടതെന്ന് പോസ്റ്റിൽ പറയുന്നു. തനിക്ക് പാർട്ടിയുടെ പിന്തുണ വേണ്ടെന്നും എന്നാൽ പിന്നിൽ നിന്ന് കുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.